മലയാള സിനിമാ താര സംഘടനയായ ‘അമ്മ’യുടെ ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദനെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഭരണ സമിതിയിലും കമ്മിറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദൻ. എതിരില്ലാതെയാണ് താരം ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ നന്ദി അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ. അമ്മ സംഘടനയിലെ അംഗങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും സംഘടനയിലെ എല്ലാവരെയും ഒത്തൊരുമയോടെ കൊണ്ടുപോകുമെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.
“അമ്മയുടെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ അങ്ങേയറ്റം ആദരവും വിനയവും പ്രകടിപ്പിക്കുന്നു. എതിരില്ലാതെയാണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് നിങ്ങൾ എന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ്. അമ്മ സംഘടനയെ സേവിക്കുന്നതിൽ സത്യസന്ധതയും അർപ്പണബോധവും ഉയർത്തിപ്പിടിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്”.
“മുൻ ട്രഷറർ എന്ന നിലയിൽ മാതൃകാപരമായ സേവനത്തിന് സിദ്ദിഖിന് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. അദ്ദേഹത്തിന്റെ അർപ്പണബോധവും കഠിനാധ്വാനവും വലുതായിരുന്നു. അദ്ദേഹം കെട്ടിപ്പടുത്ത ശക്തമായ അടിത്തറയ്‌ക്ക് ഞാൻ നന്ദി പറയുന്നു”.
“നമ്മുടെ കൂട്ടായ്മയുടെ ഐക്യത്തിനും മികവിനും വേണ്ടി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. ഞങ്ങൾ പങ്കിട്ട ലക്ഷ്യങ്ങളും അഭിലാഷങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിന് ഓരോരുത്തരുമായും സഹകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്‌ക്ക് നന്ദി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റി ടീമിനും അഭിനന്ദനങ്ങൾ”- ഉണ്ണിമുകുന്ദൻ സമൂഹം മാധ്യമങ്ങളിൽ കുറിച്ചു.