തൃശൂർ: ജില്ലാ അദ്ധ്യക്ഷൻ കെ കെ അനീഷ് കുമാറിനെതിരായ കള്ളക്കേസ് സിപിഎമ്മിന്റെ പ്രതികാര നടപടിയെന്ന് പദ്മജ വേണുഗോപാൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി നേടിയ ചരിത്രവിജയത്തിൽ അസ്വസ്ഥരായ സിപിഎം നേതൃത്വമാണ് കള്ളക്കേസിന് പിന്നിൽ. ജനവിധിയെ അംഗീകരിക്കാനുള്ള രാഷ്‌ട്രീയ മര്യാദ മുഖ്യമന്ത്രിയും കൂട്ടരും കാണിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ പേരിൽ പാർട്ടി സ്വത്ത് കണ്ടുകെട്ടിയതടക്കം തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം സിപിഎമ്മിന് കണ്ടകശനിയാണ്. ആഭ്യന്തര വകുപ്പ് സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയോളം ചെറുതാകരുതെന്നും പത്മജ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെ കെ അനീഷ് കുമാറിനെതിരെ 107-ാം വകുപ്പ് ചുമത്തി ഈസ്റ്റ് പൊലീസ് കേസെടുത്തത്. റിപ്പോർട്ടിന്മേൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ജില്ലാ അദ്ധ്യക്ഷൻ സ്ഥിരം കുറ്റവാളിയാണെന്ന് ഉത്തരവിറക്കിയിരുന്നു. തന്റെ പേരിലുള്ള കേസ് രാഷ്‌ട്രീയ പകപോക്കലാണെന്നും സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നും കെ കെ അനീഷ് കുമാർ പ്രതികരിച്ചു.