തിരുവനന്തപുരം: തൃശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ കെ അനീഷ് കുമാറിനെതിരെയുള്ള കള്ളക്കേസ് പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേട്ടുകേൾവി ഇല്ലാത്ത നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചയാൾ എന്ന നിലയിലുള്ള പ്രതികാര നടപടിയാണ് കേസെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
”സ്ഥിരം കുറ്റവാളികൾക്കെതിരെ ഉപയോഗിക്കുന്ന വകുപ്പാണ് കെകെ അനീഷ് കുമാറിനെതിരെ ചാർജ് ചെയ്തിരിക്കുന്നത്. അത്തരത്തിലുള്ള ഒരു ക്രിമിനൽ കേസിലും പ്രതിയല്ല അദ്ദേഹം. സമരങ്ങളുടെ പേരിലുള്ള കേസുകൾ മാത്രമേ തൃശൂർ ജില്ലാ അദ്ധ്യക്ഷന്റെ പേരിലുള്ളൂ. തേക്കിൻകാട് മൈതാനത്ത് ചാണകവെള്ളം തളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സമീപനത്തിനെതിരെ അനീഷ് കുമാർ സംസാരിക്കുക മാത്രമാണ് ചെയ്തത്. കള്ളക്കേസിനെ നിയമപരമായി രാഷ്‌ട്രീയപരമായും സംഘടന നേരിടും”. കെ സുരേന്ദ്രൻ പറഞ്ഞു.
കൊടകര കുഴൽപ്പണ കേസില്ലെന്നും അവിടെ കവർച്ച മാത്രമാണ് നടന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. രണ്ടുകൊല്ലം കേസ് അന്വേഷിച്ച പിണറായി വിജയന്റെ പൊലീസിന് പൊലീസിന് തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കരുവന്നൂരിൽ സിപിഎമ്മിന്റെ ഉന്നതരായ നേതാക്കളിൽ പലരും പങ്കാളികളാണെന്നും ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.















