ന്യൂഡൽഹി: ” ഒരു സ്ത്രീ മരിച്ചാൽ ആശുപത്രിയിൽ കേവലം ഒരു മരണമായി സ്ഥിരീകരിക്കും. എന്നാൽ ആ കുടുംബത്തിന് എന്നന്നേക്കുമായി നഷ്ടപ്പെടുന്നത് ഒരമ്മയെയാണ്.” രാജ്യസഭാ എംപിയായതിന് ശേഷമുള്ള സുധാ മൂർത്തിയുടെ ആദ്യ പ്രസംഗം വിരൽ ചൂണ്ടിയത് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിലേക്കായിരുന്നു. പ്രസംഗം അവസാനിച്ചതിന് പിന്നാലെ മനുഷ്യ സ്‌നേഹിയും എഴുത്തുകാരിയുമായ സുധാ മൂർത്തിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് വിശദമായി സംസാരിച്ച സുധാമൂർത്തിയോട് താൻ നന്ദി രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
” സ്ത്രീ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകുന്ന സുധാ മൂർത്തിക്ക് ഞാൻ നന്ദി അറിയിക്കുന്നു. കഴിഞ്ഞ 10 വർഷമായി സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് കേന്ദ്രസർക്കാർ മുൻഗണന നൽകിയത്. നമ്മുടെ രാജ്യത്തെ സ്ത്രീകൾക്കായി നിർമിച്ച ശൗചാലയങ്ങൾ അവർക്ക് വളരെയധികം പ്രയോജനകരമായി. അവർക്കായി സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്ന പദ്ധതികളും ഗർഭാവസ്ഥയിലുള്ള സ്ത്രീകൾക്ക് വാക്‌സിനേഷൻ നൽകുന്ന പരിപാടികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഇനിയും സ്ത്രീകളുടെ സുരക്ഷയും ആരോഗ്യപരിപാലനത്തിനും കേന്ദ്രസർക്കാർ മുൻതൂക്കം നൽകും.”- പ്രധാനമന്ത്രി പറഞ്ഞു.
രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് സുധാ മൂർത്തി സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തെ കുറിച്ച് പരാമർശിച്ചത്. സെർവിക്കൽ കാൻസറിന് തടയിടുന്ന പദ്ധതികൾക്കോ വാക്‌സിനേഷനുകൾക്കോ പദ്ധതികൾ നടപ്പിലാക്കിയാൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അത് വളരെയധികം പ്രയോജനകരമാകുമെന്ന് സുധാമൂർത്തി പറഞ്ഞു. രാജ്യസഭയിലെ ആദ്യ പ്രസംഗമായിരുന്നു സുധാ മൂർത്തിയുടേത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ അവരെ പ്രശംസിച്ചിരുന്നു.