ന്യൂഡൽഹി: നിർത്താതെ പെയ്യുന്ന മഴയും വെള്ളപ്പൊക്കവും പ്രളയ സമാന സാഹചര്യമാണ് അസമിലും അരുണാചലിലും സൃഷ്ടിച്ചിരിക്കുന്നത്. പ്രളയബാധിത മേഖലകളിൽ സൈന്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ ഒന്നിലധികം ദുരിതാശ്വാസ സേനകളെ വിന്യസിച്ചതായി സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ആർമി സംസ്ഥാന ദുരന്ത നിവാരണസേനയുമായി ചേർന്നാണ് രക്ഷാദൗത്യങ്ങൾ ഏകോപിപ്പിക്കുന്നത്.അസമിലെ ധേമാജി ജില്ലയിലെ ശിവഗുരി, അരുണാചൽ പ്രദേശിലെ കിഴക്കൻ സിയാങ് ജില്ലയിലെ മെർ ഗ്രാമം എന്നിവിടങ്ങളിൽ നിർത്താതെ പെയ്യുന്ന മഴയിൽ കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ശിവഗുരി, നാംസിംഗ് ഘട്ട്, പഗ്ലാം, ഒറിയാൻ ഘട്ട് എന്നിവിടങ്ങളിൽ 72 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ 17 കുട്ടികളടക്കം 48 പേരെയാണ് ഇവർ രക്ഷപ്പെടുത്തിയത്.
സൈന്യം താത്കാലിക ഷെൽറ്ററുകൾ നിർമ്മിച്ച് ജനങ്ങൾക്ക് ഭക്ഷണവും വൈദ്യസഹായവും നൽകുകയും ചെയ്യുന്നുണ്ട്. വെള്ളപ്പൊക്കത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനും ദുരിതബാധിതരായ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും സൈന്യം പ്രതിജ്ഞാബന്ധമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.