തിരുവനന്തപുരം: എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്‌ഐ തുടരുന്നത് പ്രാകൃതമായ സംസ്‌കാരമാണ്. ഇടതുപക്ഷമെന്ന വാക്കിന്റെ അർത്ഥം പുതിയ എസ്എഫ്‌ഐക്കാർക്ക് അറിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. വിദ്യാർത്ഥി സംഘടനയെ കാര്യങ്ങൾ ശരിയായി പഠിപ്പിക്കാനും നേർവഴിക്ക് നയിക്കാനും സിപിഎം തയ്യാറാകണം. തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് എസ്എഫ്‌ഐ ബാധ്യതയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഇടിമുറി ആക്രണമണവും, കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിൻസിപ്പലിന്റെ കരണത്തടിക്കുകയും ഭീഷണി പ്രസംഗം നടത്തുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. എസ്എഫ്‌ഐയെ തിരുത്തിയേ തീരുവെന്നും അതിന് സംഘടനയുടെ ഉത്തരവാദിത്തമാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ പ്രതികരിച്ചിരുന്നു.
എന്നാൽ എസ്എഫ്‌ഐയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ സ്വീകരിച്ചത്. ഇടിമുറിയിൽ കൂടി വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്‌ഐയെന്നും വീഴ്ചകളുണ്ടാകും, വിദ്യാർത്ഥി ജീവിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.















