കൊച്ചി ; ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന സിനിമയുടെ സെറ്റ് പൊളിച്ചു മാറ്റിയതിന്റെ അവശിഷ്ടങ്ങൾ കത്തിച്ചത് സെറ്റ് പൊളിച്ചു നീക്കാൻ കരാർ ഏറ്റെടുത്തവരുടെ ജീവനക്കാരെന്ന് നാട്ടുകാർ. ഇന്നലെ ഉച്ചയ്‌ക്കു ശേഷമായിരുന്നു പ്രദേശത്തെയാകെ പ്രതിസന്ധിയിലാക്കിയ സംഭവം. വിഷപ്പുക ശ്വസിച്ച നാട്ടുകാരും ദുരിതത്തിലായി. പലർക്കും ശ്വാസം മുട്ടൽ അനുഭവപ്പെട്ടു.
പ്ലാസ്റ്റിക്, ഫൈബർ, മരത്തടി അടക്കമുള്ള വസ്തുക്കള്‍ കൂട്ടിയിട്ട ഏഴു മാലിന്യക്കൂനകളാണ് കത്തിച്ചത്. മാലിന്യം കത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു നഗരസഭാ അധികൃതർ വ്യക്തമാക്കി . ആദ്യത്തെ മാലിന്യക്കൂന കത്തിച്ചപ്പോൾ തന്നെ നാട്ടുകാരിൽ ചിലർ വിലക്കിയിരുന്നെങ്കിലും ജീവനക്കാർ കേട്ടില്ലെന്നും ആക്ഷേപമുണ്ട്.
നാട്ടുകാർ പരാതിപ്പെട്ടതനുസരിച്ചു നഗരസഭയുടെയും ഫാക്ടിന്റെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഫാക്ട്, തൃക്കാക്കര, പറവൂർ, ആലുവ, ഏലൂർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന യൂണിറ്റുകൾ എത്തി രാത്രി വൈകിയാണ് തീ അണച്ചത് .