കാസർകോട്: ഇടത് അദ്ധ്യാപക സംഘടനയും എസ്എഫ്ഐയും തന്നെ വേട്ടയാടുകയാണെന്ന് കാസർകോട് ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ എം രമ. ഹൈക്കോടതി ഇടപെട്ടിട്ടും സർക്കാർ പെൻഷൻ നിഷേധിക്കുകയാണെന്നും കോളേജിൽ ഇപ്പോഴും ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പെൻഷൻ തടഞ്ഞുവച്ചതടക്കം രമയ്ക്കെതിരെയുള്ള നടപടികൾ ഹൈക്കോടതി റദ്ദാക്കിയിട്ടും സർക്കാർ പെൻഷൻ നൽകുന്നില്ല. എസ്എഫ്ഐയുടെ തെറ്റായ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതാണ് പെൻഷൻ തടഞ്ഞുവയ്ക്കാൻ കാരണമെന്നും അവർ ആരോപിച്ചു. ക്യാമ്പസിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ലഹരി ഉപയോഗം നടക്കുകയാണെന്ന ആരോപണത്തിന് പിന്നാലെയാണ് പ്രിൻസിപ്പലിനെതിരെ ഇടത് വിദ്യാർത്ഥി സംഘടന തിരിഞ്ഞത്.
”കൊയിലാണ്ടി കോളേജിൽ പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ അടിച്ച കാര്യം അറിഞ്ഞ് കാണുമല്ലോ. എന്നെയും ഇവർ ശരിക്കും അടിക്കുകയാണ് ചെയ്തത്. എത്രമാത്രം എന്റെ നെഞ്ചിനും പുറത്തും ഇവർ ഇടിച്ചിട്ടുണ്ടെന്ന് സിസിടിവി നോക്കിയാൽ മനസിലാകും. പക്ഷേ മുഖത്ത് അടിച്ചില്ല. പെൺകുട്ടികളും ആൺകുട്ടികളും ചേർന്ന് തന്നെ മർദിച്ചപ്പോൾ തടയാൻ ഒരു അദ്ധ്യാപകൻ പോലും വന്നില്ല. കൊയിലാണ്ടിയിൽ പ്രിൻസിപ്പലിനെ ആക്രമിച്ചവർക്കെതിരെ നടപടിയെടുത്തു. കാരണം അവിടെ സംഘടനാ ഇടപെടൽ ഇല്ല. എനിക്കെതിരെ എസ്എഫ്ഐക്കാർ ഇത്രയും ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായില്ല. കൃത്യമായി ജോലി ചെയ്യാൻ പറഞ്ഞതിന്റെ വൈരാഗ്യമാണ് ഇടത് അദ്ധ്യാപകർ തനിക്കെതിരെ തിരിയാൻ കാരണം”.
കഴിഞ്ഞ മാർച്ച് 30-നാണ് എം രമ സർവ്വീസിൽ നിന്ന് വിരമിച്ചത്. വിരമിക്കുന്നതിന്റെ തലേന്ന് അച്ചടക്ക നടപടിക്ക് മുന്നോടിയായുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ രമ സമീപിച്ചിരുന്നു. ഏപ്രിൽ ആദ്യവാരം സ്ഥലംമാറ്റിയതും പെൻഷൻ തടഞ്ഞതുമടക്കമുള്ള നടപടികൾ റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പെൻഷന് വേണ്ടി കോടതി ഉത്തരവിന്റെ കോപ്പി സഹിതം വീണ്ടും അപേക്ഷിച്ചു. ഉത്തരവിറങ്ങി 3 മാസം പിന്നിട്ടിട്ടും പെൻഷൻ നൽകാൻ തയ്യാറായിട്ടില്ല. പെൻഷന് വേണ്ടി താൻ ആഴ്ചകൾ തോറും ഡയറക്ടർക്ക് കത്തയക്കുകയാണെന്നും അപേക്ഷ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് മറുപടിയെന്നും അവർ പറഞ്ഞു.















