ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന കലയുടെ ഭർത്താവ് അനിൽ കുമാറിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഇന്റർപോളിന് കൈമാറിയതായി പൊലീസ് അറിയിച്ചു. കേസിൽ നാല് പ്രതികളാണുള്ളതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കലയുടെ ഭർത്താവ് അനിൽ കുമാറാണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുവും സുഹൃത്തുക്കളുമായ ജിനു, പ്രമോദ്, സോമൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
15 വർഷം മുമ്പ് നാല് പേരും ചേർന്നാണ് കലയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. കലയെ കാറിൽ വച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. വലിയപെരുമ്പഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടുവെന്ന നിർണായക സാക്ഷി മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. അനിലിന്റെ അയൽവാസിയായ സുരേഷ് കുമാറിന്റെ സാക്ഷിമൊഴിയാണ് കേസിൽ നിർണായകമായത്.
സുരേഷ് കുമാറിനെ മുഖ്യ സാക്ഷിയാക്കിയുള്ള പൊലീസ് നീക്കമാണ് പ്രതികളെ കുടുക്കുന്നതിന് സഹായകമായത്. ഊമക്കത്തിൽ നിന്ന് തുടങ്ങിയ അന്വേഷണത്തിൽ ഇയാൾ നൽകിയ വിവരങ്ങളായിരുന്നു കേസിന്റെ ഗതി മാറ്റിയത്.
എന്നാൽ, കല ജീവിച്ചിരിപ്പുണ്ടെന്ന മകന്റെയും ബന്ധുവിന്റെയും മൊഴികളും പൊലീസ് അന്വേഷണ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. അനിൽ കുമാറിന്റെ കുടുംബം കലയുടെ മകനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.















