കോട്ടയം: എൽഡിഎഫ് നേതാക്കൾ ബിജെപിയിലേക്ക്. കോട്ടയത്തെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.
ആർപ്പൂക്കര സിപിഎം മുൻ ലോക്കൽ സെക്രട്ടറി ശിവൻ പി.വി, ഡിവൈഎഫ്ഐ പഞ്ചായത്ത് യൂണിറ്റ് സെക്രട്ടറി അഭിജിത് മോഹൻ എന്നിവരാണ് ബിജെപിയുടെ ഭാഗമായത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ കോട്ടയത്ത് നടന്ന ജില്ലാ നേതൃയോഗത്തിൽ ഇവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
പാലക്കാടും സിപിഐ നേതാവും കൂട്ടരും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിട്ടുണ്ട്. കോഴിയോട് പഞ്ചായത്തംഗവും ലോക്കൽ സെക്രട്ടറിയുമായ ജോർജ്ജ് തച്ചമ്പാറയാണ് പാർട്ടി വിട്ടത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഇവരെ സ്വാഗതം ചെയ്തത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയവും പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ നിന്നുളള മാറ്റവുമാണ് നേതാക്കളുടെ അതൃപ്തിക്ക് കാരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സിപിഎം അണികൾ ബിജെപിയിലേക്ക് എത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തിലും ബിജെപിക്ക് ലഭിക്കുന്ന സ്വീകാര്യത വ്യക്തമായിരുന്നു. അതുകൊണ്ടു തന്നെ കൂടുതൽ നേതാക്കൾ പാർട്ടിയിലേക്ക് എത്തുന്നത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ കൂടുതൽ കരുത്താകുമെന്ന വിലയിരുത്തലിലാണ് ബിജെപി.















