പാലക്കാട്: കേരളം കൂടോത്രത്തിന്റേയും നരബലിയുടേയും നാടായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. യുഡിഎഫും എൽഡിഎഫുമാണ് ഇതിന് ഉത്തരവാദികൾ. ഇന്ത്യയിൽ എവിടെയെങ്കിലും നരബലി നടക്കുന്നെങ്കിൽ അത് കേരളത്തിലാണ്. രാഷ്‌ട്രീയ നേതാക്കളുടെ വീട്ടിൽ കൂടോത്രം ചെയ്യുന്ന പതിവ് എങ്ങനെ വന്നുവെന്ന് അവർ തന്നെ പരിശോധിക്കണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു
കെപിസിസി. അധ്യക്ഷനും കണ്ണൂര്‍ എം.പിയുമായ കെ. സുധാകരന്റെ വീട്ടിൽനിന്ന് കൂടോത്രത്തിന്‍റേതെന്ന് ആരോപിക്കപ്പെടുന്ന വസ്തുക്കള്‍ കണ്ടെടുക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം.
കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്റേയും സുധാകരന്റേയും സാന്നിധ്യത്തില്‍ തകിടും തെയ്യത്തിന്റെ രൂപമുള്ള വസ്തുക്കളും കണ്ടെടുത്തത്. കുഴിച്ചിട്ട നിലയിലുള്ള ചില വസ്തുക്കൾ പുറത്തെടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു കിഴിയിൽ ആൾരൂപവും തകിടുകളില്‍ കാലിന്റേയും ഉടലിന്റേയും തലയുടേയും രൂപങ്ങളുമാണ് കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഓഫീസിലും ഡൽഹിയിലെ എംപി ഓഫീസിലും കൂടോത്രത്തിന് സമാനമായ ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സൂചനയുണ്ട്.