തിരുവനന്തപുരം: കോൺഗ്രസിന്റെ അധഃപതനത്തിന്റെ ആഴമാണ് കെ. സുധാകരന്റെ വീട്ടിലെ കൂടോത്രത്തിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. വ്യക്തിയേയും പ്രസ്ഥാനത്തേയും തകർക്കാൻ ആഭിചാരത്തെ കൂട്ടുപിടിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. കോൺഗ്രസിന്റെ അന്തച്ഛിദ്രവും ഗ്രൂപ്പും കളിയുമായാണ് കൂടോത്ര പ്രയോഗത്തിലുടെ പുറത്ത് വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ കർണാടകയിലെ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ കണ്ണൂർ കേന്ദ്രീകരിച്ച് തനിക്കെതിരെ ആഭിചാരക്രീയ നടത്തിയെന്ന് ആരോപിച്ചിരുന്നു. ക്രിയകളുടെ പേരുകൾ അടക്കം അദ്ദേഹം മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിലാണ് ഇത്തരം കാര്യങ്ങൾ നടക്കുന്നത്. ഇതിനുത്തരം നൽകാൻ രാഹുൽ ഗാന്ധി ബാദ്ധ്യസ്ഥനാണ്. മുത്തശ്ശി പാർട്ടി കേരളത്തിനും ആധുനിക സമൂഹത്തിനും അപമാനമാണെന്നും കൃഷ്ണദാസ് പരിഹസിച്ചു.
കെപിസിസി. അധ്യക്ഷൻ കെ. സുധാകരന്റെ വീട്ടിൽനിന്ന് കൂടോത്രത്തിന്‍റേതെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെടുക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണദാസിന്റെ പ്രതികരണം. കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്റേയും സുധാകരന്റേയും സാന്നിധ്യത്തില്‍ തകിടും തെയ്യത്തിന്റെ രൂപമുള്ള വസ്തുക്കളും കണ്ടെടുത്തത്. കുഴിച്ചിട്ട നിലയിലുള്ള ചില വസ്തുക്കൾ പുറത്തെടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു കിഴിയിൽ ആൾരൂപവും തകിടുകളില്‍ കാലിന്റേയും ഉടലിന്റേയും തലയുടേയും രൂപങ്ങളുമാണ് കണ്ടെത്തിയത്. ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള കെപിസിസി അധ്യക്ഷന്റെ ശബ്ദസംഭാഷണവും പുറത്ത് വന്നിട്ടുണ്ട് .