പാലക്കാട്: പാലക്കാട് യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പൊട്ടിത്തെറി. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മിറ്റി യോഗത്തെ കുറിച്ച് ജനംടിവി റിപ്പോർട്ട് ചെയ്ത വാർത്തയ്‌ക്ക് പിന്നാലെയാണ് യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായത്. പാലക്കാട് യൂത്ത് കോൺഗ്രസ് കണ്ണാടി മണ്ഡലം കമ്മറ്റിയിലാണ് പോര്. ജനംടിവി നൽകിയ വാർത്ത കമ്മിറ്റി ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കൾ പോസ്റ്റ് ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ജില്ലയിൽ നിന്നുള്ള സ്ഥാനാർത്ഥി മത്സരിക്കണമെന്ന് കണ്ണാടി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ചർച്ച ചെയ്തതാണ് ജനംടിവി റിപ്പോർട്ട് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തെ മത്സരിപ്പിക്കാൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് യോഗത്തിനിടയിൽ നടന്ന ചർച്ചകൾ ജനംടിവി പുറത്തുവിട്ടത്. ഇതിന് പിന്നാലെ ജനംടിവി വാർത്ത ഒരു വിഭാഗം പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതേ തുടർന്നാണ് കമ്മിറ്റിയിൽ പൊട്ടിത്തെറി ആരംഭിച്ചത്.
രാഹുൽ സ്ഥാനാർത്ഥിയാകണമെന്ന് താൽപ്പര്യമുള്ള ഒരു വിഭാഗം പ്രവർത്തകർ കൂട്ടമായി കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായി. പിന്നാലെ പുതിയ വാട്സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചു. ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിന് മുമ്പേ സംഘടനയിലുണ്ടായ വിഷയങ്ങൾ ജനംടിവി റിപ്പോർട്ട് ചെയ്തത് അംഗീകരിക്കാനാവില്ലെന്നാണ് രാഹുലിനെ പിന്തുണക്കുന്നവരുടെ നിലപാട്. അതേസമയം രാഹുലിനെ ഉപതെരഞ്ഞെടുപ്പിൽ ഇറക്കാനാകില്ലെന്ന കടുത്ത നിലപാടിലാണ് മറു വിഭാഗം പ്രവർത്തകർ.
ജില്ലയിൽ നിന്നുള്ള നേതാവ് തന്നെ മത്സരിക്കണമെന്നാണ് മറു വിഭാഗത്തിന്റെ ആവശ്യം. സംഘടനയിൽ കഴിവുള്ള നിരവധി പേരുണ്ട്. അവസരം നൽകിയാൽ മാത്രമേ അവർക്ക് വളരാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ജില്ലയിലെ നേതാക്കളെ പരിഗണിക്കാതെ മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രവർത്തകർ പറയുന്നു.