നാഗ്പൂർ: റോഡ് ഗതാഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. വിമാനത്തിന് സമാനമായ രീതിയിലുള്ള സീറ്റുകളും എയർ ഹോസ്റ്റസിന് സമാനമായി ‘ബസ് ഹോസ്റ്റസും’ ഉൾപ്പടെ 132 സീറ്റുള്ള ബസ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
നാഗ്പൂരിൽ ടാറ്റയുമായി കൂടിച്ചേർന്നാകും പൈലറ്റ് പ്രൊജക്ട് നടത്തുകയെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. 40 കിലോമീറ്റർ യാത്രയ്‌ക്ക് ശേഷം ബസ് ചാർജ് ചെയ്യുന്നതിനായി നിർത്തും. 40 സെക്കൻഡിനുള്ളിൽ 40 കിലോമീറ്റർ ഓടാനുള്ള ചാർജ് സംഭരിക്കാൻ ഇതിനാകും. ഒരു കിലോമീറ്റർ സഞ്ചാരം ഉറപ്പാക്കാൻ 35-40 രൂപ ചെലവ് വരും. റിംഗ് റോഡിലൂടെ 49 കിലോമീറ്റർ ബസ് സഞ്ചരിക്കും. ശീതികരിച്ച ബസാകും സർവീസ് നടത്തുക. സുഖപ്രദമായ സീറ്റുകളും മുൻപിൽ ലാപ്ടോപ്പ് വയ്‌ക്കാനായി ഇടവും വേണമെന്ന് നിർദ്ദേശം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.
എയർ ഹോസ്റ്റസുമാരെ പോലെ യാത്രക്കാർക്ക് ഭക്ഷണങ്ങളും പാനീയങ്ങളും നൽകാൻ ‘ബസ് ഹോസ്റ്റസ്’ ഉണ്ടാകും. ഡീസൽ ബസിനേക്കാൾ 30 ശതമാനം ചെലവ് കുറഞ്ഞ രീതിയിലാകും ഈ അത്യാധുനിക ബസ് നിരത്തിലിറങ്ങുക. സൗരോർജ്ജം ഉപയോഗിച്ചാൽ ഇത് ഇനിയും കുറയുമെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.
മലിനീകരണ രഹിതമായി ഗതാഗതത്തെ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മലിനീകരണം കുറവുള്ള ഗതാഗത മാർഗങ്ങൾ ഇന്ത്യയിൽ ഇന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുന്നതിനായി രാജ്യത്ത് ഇന്ന് 300-ലേറെ എഥനോൾ പമ്പുകളുണ്ട്. ലിറ്ററിന് 120 രൂപയ്‌ക്ക് പെട്രോൾ നിറയ്‌ക്കുന്നതിന് പകരം 60 രൂപയ്‌ക്ക് എഥനോൾ നിറയ്‌ക്കുന്നതാണ്. 60 ശതമാനം വൈദ്യുതിയിലും ബാക്കി എഥനോളിലുമാണ് വൈദ്യുതി വാഹനങ്ങൾ ഓടുന്നത്. ഇതും മലിനീകരണം തടയുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
പൊതുഗതാഗത ചെലവ് കുറയ്‌ക്കുന്നതിലും സർക്കാർ ഊന്നൽ നൽകുന്നുവെന്ന് ഗതാഗത മന്ത്രി പറഞ്ഞു. നാഗ്പൂരിൽ ഡീസൽ ബസിൽ ഒരു കിലോമീറ്റർ സഞ്ചരിക്കുന്നതിന് 115 രൂപ ചെലവാകും. ഇലക്ട്രിക് എസ് ബസിൽ ഇത് സബ്സിഡിയോടെ 41 രൂപയും നോൺ എസി ബസിൽ 37 രൂപയുമാണ് നിരക്ക്. സബ്സിഡിയില്ലാതെ ഇത് യഥാക്രമം 50 രൂപയും 60 രൂപയുമാണ്.















