ന്യൂ ഡൽഹി: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും തെലുഗ് ദേശം പാർട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു പുരോഗമനവാദിയായ മുഖ്യമന്ത്രിയും ദീർഘവീക്ഷണമുള്ള നേതാവുമാണെന്ന് കേന്ദ്ര കാർഷിക ഗ്രാമീണ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ചന്ദ്ര ബാബു നായിഡുവുമായുള്ള ഡൽഹിയിലെ കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഇന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായി കൂടികാഴ്‌ച്ച നടത്തി. കൂടിക്കാഴ്ചയിൽ കാർഷികം , ഗ്രാമീണ വികസനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയുണ്ടായി. ചന്ദ്രബാബു നായിഡു വളരെ പുരോഗമനവാദിയായ മുഖ്യമന്ത്രിയും ദീർഘവീക്ഷണമുള്ള നേതാവുമാണ്. ആന്ധ്ര പ്രദേശിന്റെ വികസനത്തിനായി സാധ്യമായ എല്ലാ സഹായവും ചെയ്യും “ശിവ രാജ് സിംഗ് ചൗഹാൻ പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി നേരേന്ദ്ര മോദിയുമായും കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ, റാം മോഹൻ നായിഡു കിഞ്ചരപ്പു എന്നിവരുമായും ഡൽഹിയിൽ ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശ് വീണ്ടുമൊരു ശക്തി കേന്ദ്രമായി ഉയർന്നു വരുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം എൻ. ചന്ദ്രബാബു ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയായതിന്ന് ശേഷം ഇത് ആദ്യമായാണ് ചന്ദ്രബാബു നായിഡു കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.