മുംബൈ: അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷ പരിപാടികളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ജൂൺ 29-നാണ് പ്രിവെഡ്ഡിംഗ് ആഘോഷങ്ങൾ ആരംഭിച്ചത്. ആഘോഷങ്ങൾക്ക് മോടി കൂട്ടാൻ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് പ്രശസ്ത കലാകാരന്മാരെത്തും.
അതിഥികൾക്ക് ദൃശ്യ വിസ്മയം ഒരുക്കാൻ 60 നർത്തകരുടെ ഫ്ലാഷ് ബോബും അരങ്ങേറും. അതിഗംഭീരമായ ഗുജറാത്തി കലാരൂപങ്ങളാണ് പരിപാടിയിൽ അവതരിക്കുന്നത്. വിസ്മയിക്കുന്ന അലങ്കാരങ്ങൾ, അതിശയിപ്പിക്കുന്ന കലാ പരിപാടികൾ, കണ്ണുകൾക്ക് ആനന്ദം പകരുന്ന ദൃശ്യവിരുന്ന്, അതിഥികളുടെ മനസ് നിറയ്‌ക്കുന്ന വിരുന്ന് സൽക്കാരം എന്നിവയാണ് ആഘോഷങ്ങളുടെ സവിശേഷത.
വിവാഹത്തിന് ശേഷം ജൂലൈ 13-നാണ് ഫ്ലാഷ് മോബ് ഉൾപ്പെടെയുള്ള കലാ പരിപാടികൾ നടക്കുന്നത്. തെരഞ്ഞെടുത്ത 60 നർത്തകരാണ് ഫ്ലാഷ് മോബ് അവതരിപ്പിക്കുന്നത്. ഗുജറാത്തിന്റെ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന കലാരൂപങ്ങളാണ് ആഘോഷങ്ങളുടെ മാറ്റ് കൂട്ടുക. പ്രശസ്ത കൊറിയോഗ്രാഫർ വൈഭവി മെർച്ചൻ്റിന്റെ നേതൃത്വത്തിലായിരിക്കും പരിപാടികൾ അരങ്ങേറുക.
വിവാഹഘോഷങ്ങളുടെ ഭാഗമായി അംബാനി കുടുംബം കഴിഞ്ഞ ദിവസം സമൂഹവിവാഹം നടത്തിയിരുന്നു. നിരാലംബരായ അമ്പതോളം പെൺകുട്ടികൾക്കാണ് പുതിയ ജീവിതം നൽകിയത്. വിവാഹശേഷം നവദമ്പതികളെ അനുഗ്രഹിച്ച മുകേഷ് അംബാനിയും നിത അംബാനിയും ഉപഹാരമായി സ്വർണാഭരണങ്ങളും ഒരോ ലക്ഷം രൂപാ വീതവും ഇവർക്ക് സമ്മാനിച്ചിരുന്നു.