കോപ്പയിലെ മുൻ ചാമ്പ്യന്മാരാണെങ്കിലും അർജന്റീന ആരാധകരുടെ നെഞ്ചിടിപ്പേറി. 2022-ലെ ഫിഫ ലോകകപ്പിലെ രക്ഷകനായ മാർട്ടിനെസ് ഒരിക്കൽ കൂടി അർജന്റീനയെ രക്ഷിച്ചു. ക്വാർട്ടർ ഫൈനലിൽ പൊരുതിക്കളിച്ച ഇക്വഡോറിനെ വീഴ്‌ത്തി കോപ്പ അമേരിക്ക സെമി ഫൈനലിന് യോഗ്യത നേടി അർജന്റീന. ആവേശം നിറഞ്ഞുനിന്ന ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിലുടെയാണ് മെസിപ്പടയുടെ ജയം. പെനാൽറ്റി ഷൂട്ടൗട്ടിൽ മെസി ഒഴികെ കിക്കെടുത്ത എല്ലാ അർജന്റീന താരങ്ങളും ലക്ഷ്യം കണ്ടു. സെമിയിൽ കാനഡ- വെനസ്വേല മത്സരത്തിലെ വിജയികളാണ് അർജന്റീനയുടെ എതിരാളി. സ്‌കോർ 4-2.
ആദ്യ പകുതിയിൽ ലിസാൻഡ്രോ മാർട്ടിനെസ് നേടിയ ഗോളിലാണ് അർജന്റീന മുന്നിട്ടുനിന്നത്. 34-ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്നവന്ന പന്തിനെ അലക്‌സിസ് മക് അലിസ്റ്റർ തലകൊണ്ട് മറിച്ചുനൽകിയപ്പോൾ ഗോൾ പോസ്റ്റിനരികെനിന്ന് ഫ്രീഹെഡറിൽ മാർട്ടിനസ് വലയിലേക്ക് തള്ളുകയായിരുന്നു. രണ്ടാം പകുതിയിൽ ഇൻഞ്ച്വറി ടൈമിൽ കെവിൻ റോഡ്രിഗസിലൂടെ ഇക്വഡോർ സമനിലപിടിച്ചതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്. മത്സരത്തിന്റെ 62-ാം മിനിറ്റിൽ നായകൻ എന്നർ വലൻസിയയുടെ പെനാൽറ്റി ലക്ഷ്യം കാണാതെ വന്നതാണ് ഇക്വഡോറിന് തിരിച്ചടിയായത്.
ഷൂട്ടൗട്ടിൽ മെസിയെടുത്ത ആദ്യ കിക്ക് ക്രോസ് ബാറിലിടിച്ച് പുറത്തേക്ക് പോയതോടെ അർജന്റെയ്ൻ ആരാധകരുടെ മുഖത്ത് നിരാശ. ഹൂലിയൻ ആൽവാരസ്, അലക്‌സിസ് മക്അലിസ്റ്റർ, മോണ്ടിയൽ, നിക്കോളാസ് ഒടാമെൻഡി എന്നിവരുടെ കിക്ക് ലക്ഷ്യം കണ്ടതോടെ അർജന്റീന സെമിയിൽ. ഇക്വഡോർ നിരയിൽ ജോൺ യെബോ, ജോർഡി കെയ്സെഡോ എന്നിവരുടെ കിക്കാണ് ലക്ഷ്യം കണ്ടത്.















