എറണാകുളം: താരങ്ങളും സാങ്കേതിക വിദഗ്ധരും പ്രതിഫലം ഉയർത്തിയതോടെ മലയാള സിനിമാ മേഖല പ്രതിസന്ധിയിൽ. പ്രതിഫലം കുറക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളുടെ അസോസിയേഷൻ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്‌ക്ക് കത്ത് നൽകി. പ്രതിഫലം താങ്ങാനാകാതെ ചില മുൻനിര താരങ്ങളുടെ സിനിമകൾ നിർമാതാക്കൾ ഉപേക്ഷിച്ചിരിക്കുകയാണ്.
എല്ലാ മുൻനിര താരങ്ങളുടെയും പ്രതിഫലം നാല് കോടിക്ക് മുകളിലാണ്. മലയാളിത്തിലെ ഒരു യുവതാരം അടുത്തിടെ ആവശ്യപ്പെട്ടത് അഞ്ച് കോടി രൂപയാണ്. ഈ സിനിമ നിർമിച്ച് കഴിയുമ്പോൾ 15 കോടിയായിരിക്കും ആകെ ചെലവ്. ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമകൾ വലിയ വിലയ്‌ക്ക് വാങ്ങുന്നത് നിർത്തിയതോടെ നിർമാതാക്കൾ വീണ്ടും പ്രതിസന്ധിയിലായി. കൗമാര താരങ്ങൾ പോലും ഒന്നര കോടിയാണ് ആവശ്യപ്പെടുന്നത്.
സാങ്കേതിക വിദഗ്ധരുടെ കാര്യവും സമാനമാണ്. ഛായാഗ്രാഹകരിൽ പലരും ഇപ്പോൾ ദിവസകൂലിയിലേക്ക് മാറിയിട്ടുണ്ട്. പ്രശസ്ത യുവ ഛായാഗ്രാഹകൻ ഒരു ദിവസത്തിന് ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. സഹായികളുടെ പ്രതിഫലം കൂടിയാണിതെന്നാണ് അവർ പറയുന്നത്. സംഗീത സംവിധായകന്മാർ പ്രതിഫലത്തിന് പകരം സിനിമയുടെ മ്യൂസിക് റൈറ്റ്സാണ് വാങ്ങുന്നത്. ഇവർ അത് വൻ തുകയ്‌ക്ക് മ്യൂസിക് കമ്പനികൾക്ക് വിൽക്കും.
ശരിക്കും പറഞ്ഞാൽ തിയേറ്റർ വരുമാനം മാത്രമാണ് നിർമാതാക്കൾക്കുള്ളത്. വലിയ തുക മുടക്കി സിനിമ ചെയ്താലും തിരികെ കിട്ടുമെന്ന് പോലും നിർമാതാക്കൾക്ക് ഉറപ്പില്ല. ഇതേ തുടർന്നാണ് നിർമാതാക്കൾ അമ്മയ്‌ക്ക് കത്ത് നൽകിയത്.















