എറണാകുളം: പെരുമ്പാവൂരിൽ പച്ചക്കറി കടയുടെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി സരിഫുൾ ഇസ്ലാം ഷെയ്ഖാണ് പിടിയിലായത്. പച്ചക്കറി വിൽപന നടത്തുകയാണെന്ന വ്യാജേന യുവാക്കളെ കേന്ദ്രീകരിച്ച് ഇയാൾ കഞ്ചാവ് വിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തട്ടേക്കാട് ജംഗ്ഷന് സമീപമായിരുന്നു ഇയാൾ പച്ചക്കറി കട നടത്തിയിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിൽക്കാൻ വച്ചിരുന്ന പച്ചക്കറിയുടെ കൂട്ടത്തിൽ നിന്ന് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
ഇയാളുടെ പക്കൽ നിന്ന് 3 കിലോ ഗ്രാം കഞ്ചാവ് പിടിച്ചടുത്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മറ്റൊരു ഇതര സംസ്ഥാനത്തൊഴിലാളിയെയും കഞ്ചാവ് വിൽപന നടത്തിയതിനെ തുടർന്ന് പൊലീസ് പിടികൂടിയിരുന്നു.















