മുംബൈ: ഇന്ത്യയുടെ ടി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ തന്റെ ആദ്യകാല ക്രിക്കറ്റ് പരിശീലകനെ കണ്ട് സ്റ്റാർ ബാറ്റർ വിരാട് കോലി. മുംബൈയിൽ നടന്ന വിക്ടറി പരേഡിന് ശേഷമാണ് തന്റെ ബാല്യകാല കോച്ചായ രാജ്കുമാർ ശർമയെ കോലി സന്ദർശിച്ചത്.
“നിന്നെ പരിശീലിപ്പിച്ച ആദ്യ നാൾ മുതൽ മികച്ച താരമായ നിന്റെ വളർച്ചവരെ നിന്നെ ഓർത്ത് എപ്പോഴും അഭിമാനം മാത്രം. ശക്തമായി മുന്നോട്ട് പോകൂ മോനെ” കോലിയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ച് രാജ്കുമാർ ശർമ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കോലിയുടെ വിരമിക്കൽ തീരുമാനത്തെയും രാജ്കുമാർ ശർമ പ്രശംസിച്ചു. “വിരാട് കോലി എടുത്തത് വളരെ വലിയ തീരുമാനമാണ്. അതും ഇന്ത്യ കിരീടം നേടിയ മുഹൂർത്തത്തിൽ സ്വീകരിച്ചത് . ഫൈനലിൽ കളിയിലെ താരവുമായി. യുവാക്കൾക്ക് കൂടുതൽ അവസരം ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതിനാൽ അദ്ദേഹത്തിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു, “രാജ്കുമാർ ശർമ പറഞ്ഞു. മാത്രമല്ല ടി 20 ക്രിക്കറ്റിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കൽ മറ്റു ഫോർമാറ്റുകളിൽ അദ്ദേഹത്തിന് കൂടുതൽ ശ്രദ്ധ ചെലുത്താനാകുമെന്നും രാജ്കുമാർ ശർമ അഭിപ്രായപ്പെട്ടു.
View this post on Instagram
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടമത്സരങ്ങളിൽ മികവ് പുലർത്താൻ വിരാടിന് സാധിച്ചില്ലെങ്കിലും ഫൈനലിൽ ടീമിനെ തോളേറ്റിയത് അദ്ദേഹമായിരുന്നു. ആറ് ബൗണ്ടറികളും 2 സിക്സറുകളുമുൾപ്പെടെ 59 പന്തിൽ 76 റൺസ് നേടി ഫൈനലിലെ താരമാകാനും കോലിക്ക് സാധിച്ചു.
അതെസമയം 125 ടി 20 മത്സരങ്ങളിൽ നിന്നായി 48.69 ശരാശരിയിൽ 137 .04 സ്‌ട്രൈക് റേറ്റിൽ 4,188 റൺസാണ് കോലിയുടെ സമ്പാദ്യം. 38 ഫിഫ്‌റ്റിസും ഒരു സെഞ്ച്വറിയും ഇതിൽ ഉൾപ്പെടും. 122 റൺസാണ് ഉയർന്ന സ്‌കോർ. കുട്ടിക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺവേട്ടക്കാരനായാണ് കോലിയുടെ പടിയിറക്കം.