ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമംഗങ്ങളെ ആദരിച്ച് മഹാരാഷ്‌ട്ര സർക്കാർ. ക്യാപ്റ്റൻ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ശിവം ദുബെ, യശസ്വി ജയ്സ്വാൾ എന്നിവർക്കൊപ്പം ബൗളിംഗ് പരിശീലകനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചിരുന്നു. ലോകകപ്പ് നേടിയ ടീമിന് 11 കോടി രൂപയുടെ പാരിതോഷികവും മഹാരാഷ്‌ട്ര സർക്കാർ പ്രഖ്യാപിച്ചു.
താരങ്ങളെ ഷാൾ അണിയിച്ച് ആദരിക്കുകയും ഗണേശ വിഗ്രഹങ്ങൾ സമ്മാനിക്കുകയും ചെയ്തു. കുറച്ചുനേരത്തെ സൗഹൃദ സംഭാഷണത്തിന് ശേഷമാണ് ഇവർ മടങ്ങിയത്. നേരത്തെ പ്രധാമന്ത്രി നരേന്ദ്രമോദിയും ഡൽഹിയിലെ വസതിയിൽ ഇന്ത്യൻ ടീമിന് വിരുന്നൊരുക്കുകയും താരങ്ങൾക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ ടീമിന് 125 കോടി രൂപയാണ് സമ്മാനമായി ബിസിസിഐ നൽകിയത്. മുംബൈയിൽ ഇന്നലെ കണ്ടത് സമാനതകളില്ലാത്ത ആഘോഷമായിരുന്നു. വർഷങ്ങളുടെ കിരീട വരൾച്ചയ്‌ക്ക് വിരാമമിട്ട് കപ്പുമായെത്തിയ ടീം ഇന്ത്യയെ വരവേൽക്കാൻ ഒരു നഗരം തന്നെ ഒഴുകിയെത്തിയിരുന്നു.