ദുബായ്; ഇനിമുതൽ ദുബായിലെ റോഡുകൾക്ക് പൊതുജനങ്ങൾക്കും പേര് നിർദേശിക്കാം. രാജ്യത്തിന്റെ സംസ്കാരത്തെയും, പൈതൃകത്തെയും, മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതാകണം പേരുകൾ. ഇവ നിർദേശിക്കാനുള്ള പ്ളാറ്റ്ഫോമും നിലവിൽ വന്നു
പൊതുജനങ്ങൾക്ക് റോഡ്സ് നെയിമിങ് ഡോട്ട് എഇ എന്ന വെബ്സൈററിലൂടെ ദുബായിലെ റോഡുകൾക്ക് പേര് നൽകാം. പേര്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകിയശേഷം ഏത് കാറ്റഗറിയിൽപെട്ട പേരാണ് നിർദേശിക്കുന്നത് എന്ന് തിരഞ്ഞെടുക്കുക. രാജ്യത്തിന്റെ സാംസ്്കാരികവും പൈതൃകവും പ്രതിഫലിക്കുന്നതുൾപ്പെടെ 34 കാറ്റഗറികളാണ് ഇതിലുളളത്.
രാജ്യത്തിന്റെ ദേശീയസത്വം ഉയർത്തിക്കാട്ടുന്നതും മൂല്യം പ്രതിഫലിപ്പിക്കുന്നുമായിരിക്കണം പേരുകൾ അതൊടൊപ്പം എളുപ്പത്തിൽ തിരിച്ചറിയാനും സാധിക്കുന്നവയായിരിക്കണമെന്നും അധികൃതർ നിർദേശിച്ചു. ഒരാൾക്ക് ഒന്നിലധികം പേരുകൾ നിർദേശിക്കാനുളള അവസരമുണ്ടായിരിക്കും.
2021 -ലെ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനപ്രകാരമാണ് റോഡ് നാമകരണ കമ്മിറ്റി രൂപവത്കരിച്ചത്. ദുബായ് മിനിസിപ്പാലിറ്റി ഡയറക്ടർ ജനറലാണ് അധ്യക്ഷൻ. ദുബായ് കൾച്ചർ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ എന്നിവയുടെ പ്രതിനിധികളും കമ്മറ്റിയിലുണ്ട്.
പദ്ധതിയുടെ ആദ്യഘട്ടം ജനുവരിയിലായിരുന്നു നടപ്പാക്കിയത്. അന്ന് അൽ ഖവനീജ് രണ്ട് പ്രദേശത്തെ റോഡുകൾക്കായിരുന്നു പേരിട്ടത്. പ്രാദേശിക മരങ്ങളിൽനിന്നും പൂക്കളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുള്ളതായിരുന്നു അന്നിട്ട പേരുകൾ.