ബംഗളൂരു:മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) തങ്ങളുടെ ഭൂമി മുഡ തട്ടിയെടുത്തു എന്നും കയ്യേറിയതിന് നഷ്ടപരിഹാരമായി തന്റെ ഭാര്യക്കും കുടുംബത്തിനും 62 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. തന്റെ ഭാര്യക്ക് മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) പ്ലോട്ട് അനുവദിച്ചതിൽ കടുത്ത അഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽഒരു പരിഹാരം എന്നോണമാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ട് വെച്ചത്. ഒപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭൂമി സർക്കാർ കയ്യേറി എന്ന കടുത്ത ആരോപണവും അദ്ദേഹം ഉന്നയിച്ചു.
“ഞങ്ങളുടെ 3.16 ഏക്കർ ഭൂമി മുഡ കയ്യേറി, സൈറ്റുകളാക്കി വിറ്റു. അതിനാൽ, ഭൂമിയുടെ വിപണി വിലയായ 62 കോടി രൂപ അവർ ഞങ്ങൾക്ക് നഷ്ടപരിഹാരം നൽകട്ടെ,” സിദ്ധരാമയ്യ പറഞ്ഞു. മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയിലെ (മുഡ) അഴിമതിയിൽ പ്രതിപക്ഷമായ ബി.ജെ.പി സമ്മർദ്ദം ശക്തമാക്കുന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യയുടെ പ്രസ്താവന.
ഇതും വായിക്കുക
“ഞങ്ങളുടെ ഭൂമി തട്ടിയെടുത്തു. ഞാൻ മുഖ്യമന്ത്രിയായതുകൊണ്ട് മാത്രം 3.16 ഏക്കർ വിട്ടുകൊടുക്കണോ,” സിദ്ധരാമയ്യ ആവർത്തിച്ച് ചോദിച്ചു.
തന്റെ ഭാര്യയുടെ ഭൂമി കയ്യേറിയത് തെറ്റാണെന്ന് മുഡ സമ്മതിച്ചതായി സിദ്ധരാമയ്യ പറയുന്നു. “യഥാർത്ഥത്തിൽ, ഈ ഭൂമി ഇടപാടിൽ ഞങ്ങൾക്ക് മറ്റൊരു 3.16 ഏക്കർ കൂടി ലഭിക്കേണ്ടതായിരുന്നു,” അദ്ദേഹം പറഞ്ഞു.
തന്റെ ഭാര്യക്ക് താരതമ്യേന വിലകുറഞ്ഞ ഭൂമിക്ക് പകരമായി ഉയർന്ന മാർക്കറ്റ് വിലയുള്ള പ്രദേശത്ത് വികസിപ്പിച്ച പ്ലോട്ടുകൾ നൽകിയിട്ടുണ്ടെന്ന് സിദ്ധരാമയ്യ ഫലത്തിൽ സമ്മതിച്ചു.
“ഞങ്ങളുടേതായിരുന്ന ഭൂമിയിൽ സ്ഥലമില്ലാത്തതിനാൽ അവർ (മുഡ) എനിക്ക് മറ്റെവിടെയെങ്കിലും കുറച്ചു സ്ഥലം നൽകിയാൽ ഞാൻ എന്തുചെയ്യണമായിരുന്നു? ഞാൻ പ്രത്യേക പ്രദേശമൊന്നും ചോദിച്ചില്ല. തെറ്റ് ചെയ്തത് മുഡയാണ്,” സിദ്ധരാമയ്യ പറഞ്ഞു.
“വിജയനഗർ പ്രദേശത്ത് പ്ലോട്ടുകൾ നൽകാൻ ഞങ്ങൾ ആവശ്യപ്പെട്ടില്ല. 50:50 അനുപാതത്തിൽ ഭൂമി നൽകാനുള്ള ഉടമ്പടി ഞങ്ങൾ സമ്മതിച്ചു എന്ന് മാത്രം.”കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്റെ സർക്കാർ 50:50 ചട്ടം റദ്ദാക്കിയതായി സിദ്ധരാമയ്യ പറഞ്ഞു. അത് എന്തായാലും അധികാരികൾ എനിക്ക് 62 കോടി രൂപ തരട്ടെയെന്നും അദ്ദേഹം പറഞ്ഞു.മുഡയിൽ നിന്ന് തനിക്ക് അന്യായമായ ഇടപാടാണ് ലഭിച്ചതെന്നും സിദ്ധരാമയ്യ പറഞ്ഞു .
“എനിക്ക് 3.16 ഏക്കറിന് പകരം 14 പ്ലോട്ടുകൾ ലഭിച്ചു,” “പക്ഷെ ഒരു ഏക്കറിൽ 44,000 ചതുരശ്ര അടി ഉള്ളപ്പോൾ, എനിക്ക് ലഭിച്ചത് 38,264 ചതുരശ്ര അടിയാണ്. എന്ന് വെച്ചാൽ , എനിക്ക് ലഭിച്ച ഭൂമി കുറവാണ്.”അദ്ദേഹം പറഞ്ഞു,
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ ഉടമസ്ഥയിൽ ഉണ്ടായിരുന്ന 3.16 ഏക്കർ ഭൂമി മുഡ ഏറ്റെടുത്ത് ദേവനൂർ ലേഔട്ട് ആക്കി വികസിപ്പിച്ചതിന് ശേഷം ഭൂമി വില വളരെ കൂടുതലുള്ള സമീപപ്രദേശങ്ങളിലൊന്നായ വിജയനഗറിൽ അവർക്ക് പകരം സ്ഥലം നൽകി എന്നതാണ് ആരോപണം. പാർവതിയുടെ ഭൂമിക്ക് പകരം ലഭിച്ചത് വൻ വിലയുള്ള ഭൂമി ആണെന്നും, അത് ഭൂമി വിതരണ ചട്ടങ്ങളുടെ ലംഘനമാണെന്നും ആണ് ആരോപണം.















