തിരുവനന്തപുരം: കൂടോത്ര വിവാദത്തിൽ നേതാക്കന്മാർക്ക് എതിരെ യൂത്ത് കോൺഗ്രസ്. പണി എടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടി ഉണ്ടാകില്ലെന്നായിരുന്നു പരിഹാസം. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിയോജകമണ്ഡലം തലത്തിൽ നടത്തി വരുന്ന ‘യങ്ങ് ഇന്ത്യ’ ബൂത്ത് ലീഡേഴ്സ് മീറ്റിന്റെ കുറ്റ്യാടിയിലെ പരിപാടിയിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അബിൻ വർക്കിയുടെ പ്രതികരണം.
” സയന്റിഫിക്ക് ടെമ്പർ എന്ന വാക്കും ആശയവും ഈ രാജ്യത്തിന് നൽകിയ ജവഹർലാൽ നെഹ്റുവിന്റെ പാർട്ടിയിലെ പിന്മുറക്കാർ ആണ് നിങ്ങൾ എന്ന് കോൺഗ്രസ് നേതാക്കന്മാർ തിരിച്ചറിയണം. കൂടോത്രം സ്ഥിരവരുമാനം ആക്കിയവരും, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കൂടോത്രം വച്ച് പാർട്ടിയേയും നേതാക്കന്മാരെയും തകർക്കാം എന്ന് വിചാരിക്കുന്നവരും പാർട്ടിക്ക് നാണക്കേടാണ്. കൂടോത്രം വയ്‌ക്കാൻ വേണ്ടി എടുക്കുന്ന പണിയുടെ പകുതി പണി ഉണ്ടെങ്കിൽ ഇവർക്കൊക്കെ നേതാക്കന്മാർ ആകാം എന്നും” അബിൻ വർക്കി പരിഹസിച്ചു.
കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ കണ്ണൂരിലെ വസതിയിൽ നിന്ന് കൂടോത്രം ചെയ്ത വസ്തുക്കൾ കണ്ടെടുത്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സിന്ദൂരത്തിൽ പൊതിഞ്ഞ രൂപങ്ങൾ, തകിടുകൾ ചെറിയ രൂപങ്ങൾ എന്നിവയാണ് കവറുകളിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. സുധാകരന്റെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ട നിലയിലായിരുന്നു ഇവ. സുധാകരന്റെയും രാജ്‌മോഹൻ ഉണ്ണിത്താന്റെയും സാന്നിദ്ധ്യത്തിലാണ് ഇവ പുറത്തെടുത്തത്. ഒന്നര വർഷം മുൻപ് സംഭവിച്ച കാര്യമാണിതെന്നും, ഇതുകൊണ്ട് തന്നെ തളർത്താനാകില്ലെന്നുമാണ് വിഷയത്തിൽ കെ സുധാകരൻ പ്രതികരിച്ചത്.















