മാഡിസൺ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനും വിജയിക്കാനും മറ്റാരെക്കാളും യോഗ്യൻ താൻ ആണെന്ന് ജോ ബൈഡൻ. മുൻ അമേരിക്കൻ പ്രസിഡന്റും ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരാർത്ഥിയുമായ ഡോണൾഡ് ട്രംപ് നുണയനാണെന്നും ബൈഡൻ ആരോപിച്ചു. ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബൈഡന്റെ വിമർശനം.
ആദ്യഘട്ട സംവാദത്തിന് ശേഷം ജനപ്രീതിയിൽ ഇടിവ് സംബന്ധിച്ചുവെന്ന തരത്തിലുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ബൈഡൻ. ” പ്രസിഡന്റ് ആകാനും മത്സരത്തിൽ വിജയിക്കാനും എന്നെക്കാൾ മികച്ച മറ്റാരും ഉണ്ടെന്ന് കരുതുന്നില്ല. വിമർശകർ എന്താണ് പറയുന്നത് അവർ മനസിലാക്കുന്നില്ല. വിമർശിക്കുന്നവർ പറയുന്ന പല കാര്യങ്ങളും തെറ്റാണ്. കാരണം ട്രംപ് ഒരു നുണയനാണ്. അയാൾ മറ്റൊരാൾക്ക് പ്രയോജനം ലഭിക്കുന്ന എന്തെങ്കിലും ഒരു കാര്യം ചെയ്തതായി നിങ്ങൾ കേട്ടിട്ടുണ്ടോ. നിങ്ങൾക്കതിന് സാധിക്കില്ലെന്ന് എനിക്കറിയാം.
കൊറോണയെ പ്രതിരോധിക്കാൻ കൈകളിൽ ബ്ലീച്ച് ഇടാൻ പറഞ്ഞ വ്യക്തിയാണത്. പത്ത് ലക്ഷത്തിലധികം ആളുകളാണ് അന്ന് മരിച്ചത്. ആരോഗ്യ സംരക്ഷണത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. മരുന്നുകൾക്ക് അമിതവില ഈടാക്കുന്ന ഫാർമകൾക്ക് അവരുടെ പവർ തിരികെ കൊടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ജനനന്മയ്‌ക്ക് വേണ്ടി ഞാൻ ചെയ്ത ഓരോ കാര്യങ്ങളും പഴയതുപോലെയാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണത്.
ഞാൻ പലപ്പോഴും എന്നെത്തന്നെ ബോദ്ധ്യപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന് അയാളെ തോൽപ്പിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി ഞാൻ തന്നെയാണ്. കാര്യങ്ങൾ ഏത് രീതിയിൽ നടപ്പാക്കണമെന്ന് ഇന്നെനിക്ക് അറിയാം. നാറ്റോയെ യോജിപ്പിച്ച് നിർത്താൻ എന്നെപ്പോലെ മറ്റൊരാൾക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും” ബൈഡൻ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് ട്രംപിനോടൊപ്പമുള്ള ബൈഡന്റെ സംവാദം നടന്നത്. അത് തന്റെ വളരെ മോശം പ്രകടനം ആയിരുന്നുവെന്നും, സംഭവിച്ചതിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും ബൈഡൻ പറഞ്ഞിരുന്നു.















