ലണ്ടൻ: ബ്രിട്ടൺ ഭരിച്ച ഇന്ത്യൻ വംശജനെന്ന ഖ്യാതിയോടെയായിരുന്നു ഋഷി സുനക് പടിയിറങ്ങിയത്. പ്രധാനമന്ത്രി പദത്തിൽ നിന്ന് ചുമതലയൊഴിയുന്ന വേളയിൽ വിശ്വപ്രസിദ്ധമായ 10 ഡൗണിംഗ് സ്ട്രീറ്റിൽ അദ്ദേഹം അവസാന പ്രഭാഷണം നടത്തിയിരുന്നു. പ്രിയതമ അക്ഷതാ മൂർത്തിയെ അരികിൽ നിർത്തിയായിരുന്നു സുനക് രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ അക്ഷത ധരിച്ചുവന്ന വസ്ത്രം പോലും വലിയ ചർച്ചയായി മാറി.
ഒറ്റനോട്ടത്തിൽ സാധാരണയൊരു ഗൗൺ മാത്രമായി തോന്നുന്ന വസ്ത്രമാണെങ്കിലും നിരവധി കാര്യങ്ങളെ പ്രതിനിധീകരിക്കുന്ന വേഷം കൂടിയായിരുന്നു അക്ഷത ധരിച്ചിരുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ വിലയിരുത്തലുകൾ.
ഇംഗ്ലണ്ടിൽ ഭരണമാറ്റം സംഭവിക്കുന്ന ചരിത്രനിമിഷം.. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഭർത്താവ് പടിയിറങ്ങുന്നു.. അദ്ദേഹത്തിന്റെ ഭരണമവസാനിക്കുന്ന വേളയിലെ നിർണായക പ്രസംഗം. തൊട്ടുപിറകിലായി നിന്നിരുന്ന അക്ഷത ധരിച്ചത് രാജ്യത്തിന്റെ പതാകയെ അനുസ്മരിപ്പിക്കുന്ന വസ്ത്രം.

നീല ഗൗണിൽ വെള്ളയും ചുവപ്പും വരകൾ ലംബമായി വന്നിരിക്കുന്ന ഗൗൺ. ഏതൊരാളുടെയും കണ്ണുകൾ പെട്ടെന്ന് ഉടക്കുന്ന ഉടയാട. വിപണിയിൽ ഇതിന് 395 പൗണ്ട് (42,000 രൂപ) വിലമതിക്കുമെന്നാണ് നിഗമനം.

മറ്റ് ചിലർ അക്ഷതയുടെ വസ്ത്രത്തെ കണക്കാക്കിയത് chef’s kiss ആയാണ്. ആഹാരത്തിന്റെ സ്വാദ് അത്യന്തം രുചികരവും വിശിഷ്ടവുമായി അനുഭവപ്പെടുമ്പോൾ പാചകക്കാരൻ ചെയ്യുന്നതാണ് chef’s kiss. അസാധാരണമായ ഒരു സംഭവം, അല്ലെങ്കിൽ അഭിനന്ദനമർഹിക്കുന്ന ഏതെങ്കിലുമൊരു കാര്യം നടക്കുമ്പോൾ ചിലർ പ്രതീകാത്മകമായി chef’s kiss പ്രയോഗിക്കാറുണ്ട്. അക്ഷതയുടെ വസ്ത്രം ഇതാണ് സൂചിപ്പിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ ചിലർ വ്യാഖ്യാനിച്ചു.
















