തമിഴ് സിനിമാപ്രേമികൾക്കിടയിൽ വൈറലാകുന്നത് മലയാളത്തിന്റെ സ്വന്തം സുരേഷ് കൃഷ്ണയുടെ ഒരു വേഷപ്പകർച്ചയാണ്. 24 വർഷങ്ങൾക്ക് മുമ്പ് ‘പൊട്ടു അമ്മൻ’ എന്ന തമിഴ് ഭക്തി ചിത്രത്തിൽ സുരേഷ് കൃഷ്ണ അവതരിപ്പിച്ച ദുർമന്ത്രവാദിയായ വില്ലൻ കഥാപാത്രം. തമിഴ് സിനിമ പ്രേമികൾക്ക് പലർക്കും ഈ ദുർമന്ത്രവാദിയെ അവതരിപ്പിച്ച നടൻ ആരാണെന്ന് അറിയില്ല. എന്നാൽ അവരെയെല്ലാം കുട്ടിക്കാലത്ത് ഭയപ്പെടുത്തിയ കഥാപാത്രമായിരുന്നു താരത്തിന്റേത്. ഈ വേഷം വീണ്ടും റീലുകളിലൂടെ വൈറലായതോടെ സുരേഷ് കൃഷ്ണയെ തേടി ഒരുപറ്റം തമിഴ് മാധ്യമപ്രവർത്തകർ എത്തിയിരിക്കുകയാണ്. ഇതിൽ പ്രതികരിക്കുകയാണ് താരം.
“24 വർഷങ്ങൾക്ക് മുമ്പാണ് ‘പൊട്ടു അമ്മൻ’ എന്ന സിനിമ ചെയ്തത്. ഇപ്പോൾ ഇൻസ്റ്റഗ്രാം സോഷ്യൽ മീഡിയയും എല്ലാം ആണല്ലോ തീരുമാനിക്കുന്നത്. ഒരു മന്ത്രവാദിയാണ് ഈ സിനിമയിൽ ലീഡ് റോൾ ചെയ്യുന്നത്. ആർ കെ സെൽവ മണി എന്നു പറയുന്നത് അന്ന് ഒരുപാട് ആക്ഷൻ പടങ്ങൾ ചെയ്യുന്ന ഒരു സംവിധായകനാണ്. ഒരുപാട് സൂപ്പർഹിറ്റ് പടങ്ങൾ ചെയ്ത സംവിധായകൻ. അദ്ദേഹത്തിന്റെ സിനിമയിൽ ഈ വേഷത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. അന്ന് അങ്ങനത്തെ ഒരു വേഷവും ഞാൻ ചെയ്തിരുന്നില്ല. തമിഴ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് എന്ന് മാത്രം”.
“സിനിമ വലിയ ഹിറ്റ് ഒന്നുമായില്ല. പക്ഷേ ഈ വേഷം ശ്രദ്ധിക്കപ്പെട്ടു. ഞാൻ തന്നെ ഡബ്ബ് ചെയ്ത സിനിമയാണത്. ഈ ക്യാരക്ടർ ഞാനാണ് ചെയ്തതെന്ന് പറയാൻ പറ്റുന്ന ഒരു അഭിമുഖങ്ങളും അന്ന് ഉണ്ടായിട്ടില്ല. പിന്നീട് ഞാനത് മറന്നു പോയി. 24 വർഷങ്ങൾക്ക് ശേഷമാണ് ഇൻസ്റ്റഗ്രാമിൽ ആ സിനിമയിലെ ഒന്ന് രണ്ട് റീലുകൾ വൈറലായത്. അതിനു താഴെ നിറയെ കമന്റുകൾ. എന്നെക്കണ്ട് പണ്ടുകാലത്ത് പേടിച്ചിരുന്നുവെന്ന്. പലരുടെയും ചോദ്യം ഇയാള് ആരാണ്, ഇയാളെ പിന്നെ കണ്ടിട്ടില്ല എന്നായിരുന്നു. തമിഴിൽ പിന്നെ ഞാൻ അഭിനയിച്ചിട്ടുമില്ല. ഒരു പത്രത്തിന്റെ റിപ്പോർട്ടറാണ് അടുത്തിടെ എന്നെ വിളിച്ച് ഞങ്ങൾ ഉദ്ദേശിക്കുന്ന ആളാണോ എന്ന് ചോദിച്ചത്”.
“ഇപ്പോൾ തമിഴ്നാട്ടിൽ നിന്ന് ഒരുപാട് പത്രക്കാർ വിളിച്ചു. ഈ രംഗങ്ങൾ അവിടെ വൈറലാണെന്ന് പറഞ്ഞു. തമിഴ്നാട്ടിലേക്ക് വരുമോ, ലൈവ് ചെയ്യാം എന്നൊക്കെ പറയുന്നുണ്ട്. ആർ കെ സെൽവമണിയെ ഞാൻ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ അനിയന്റെ പേരിലാണ് സിനിമ തമിഴിൽ പുറത്തിറങ്ങിയത്. തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഒരുപക്ഷേ ഈ സിനിമ ഹിറ്റ് ആയിരുന്നുവെങ്കിൽ തമിഴിൽ കുറെയധികം വേഷങ്ങൾ ലഭിച്ചേനെ. യൂട്യൂബിൽ ആ സിനിമ ഇപ്പോഴുമുണ്ട്”-സുരേഷ് കൃഷ്ണ പറഞ്ഞു.















