രാജ്യവും ക്രിക്കറ്റ് ആരാധകരും അഭിമാന നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. 11 വർഷങ്ങൾക്ക് ശേഷം ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ഐസിസി കിരീടം സ്വന്തമാക്കി. അവസാന ഓവറിലെ ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഡേവിഡ് മില്ലറുടെയും ഹെന്റിച്ച് ക്ലാസന്റെയും നിർണായക വിക്കറ്റുകൾ വീഴ്‌ത്തി ഇന്ത്യയുടെ കിരീടനേട്ടത്തിന്റെ നട്ടെല്ലായി ഹാർദിക് മാറി. വിമർശനങ്ങൾക്കും കളിയാക്കലുകൾക്കുമുള്ള മറുപടി കൂടിയായിരുന്നു ലോകകപ്പിലെ താരത്തിന്റെ പ്രകടനം. തന്റെ സഹോദരൻ നേരിട്ട പ്രതിസന്ധികളെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചും പറഞ്ഞിരിക്കുകയാണ് ക്രുണാൽ പാണ്ഡ്യ. ഇൻസ്റ്റഗ്രാമിലാണ് ക്രുണാൽ വൈകാരികമായ കുറിപ്പ് പങ്കുവച്ചത്.
ഹാർദിക് പാണ്ഡ്യയും ഞാനും ഒരു പതിറ്റാണ്ടിലേറെയായി പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കുന്നവരാണ്. സ്വപ്‌നം പോലെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കടന്നുപോയത്. രാജ്യത്തെ ജനങ്ങളെ പോലെ ഇന്ത്യയുടെ കിരീടനേട്ടത്തിൽ ഞാനും അതീവ സന്തോഷവാനാണ്. അതോടൊപ്പം സഹോദരൻ ഈ നേട്ടത്തിന്റെ ഭാഗമായതിൽ അഭിമാനവുമുണ്ട്. കഴിഞ്ഞ ആറ് മാസങ്ങൾ ഹാർദിക്കിനെ സംബന്ധിച്ച് വളരെ പ്രയാസമുള്ള സമയമായിരുന്നു. അവൻ നേരിട്ട അപമാനങ്ങൾ ഓർക്കുമ്പോൾ സഹോദരനെന്ന നിലയിൽ എനിക്ക് വലിയ നിരാശയുണ്ട്. ബൂയിംഗ് മുതൽ മോശമായി ചിത്രീകരിക്കുമ്പോൾ വരെ ആളുകൾ അവനൊരു മനുഷ്യനാണെന്ന പരിഗണന നൽകിയില്ല. പുഞ്ചിരിയോടെയാണ് അവൻ ഇതിനെയെല്ലാം നേരിട്ടത്. ഇത്തരത്തിൽ ചിരിക്കുക പ്രയാസമാണെന്ന് എനിക്കറിയാമെന്നും ക്രുണാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
View this post on Instagram
“>
പ്രതിസന്ധി സമയത്തും ലോകകപ്പ് നേടുന്നതിലായിരുന്നു അവന്റെ ശ്രദ്ധ. ആറ് വയസുമുതൽ ഇന്ത്യൻ ടീമിനായി കളിക്കുന്നതും ലോകകപ്പ് നേടുന്നതുമായിരുന്നു അവന്റെ സ്വപ്നം. ആളുകൾ എഴുതി തള്ളുമ്പോഴും അവൻ ശക്തമായി തിരിച്ച് വന്നു. രാജ്യത്തിനാണ് ഹാർദിക് പ്രഥമ പരിഗണന നൽകുന്നത്. എപ്പോഴും അത് അങ്ങനെയായിരിക്കുകയും വേണം. ടീമിന് ലോകകപ്പ് കിരീടം നേടി കൊടുക്കുന്നതിനേക്കാൾ മികച്ച അംഗീകാരമില്ല. അവനെയോർത്ത് വളരെ അഭിമാനവും സന്തോഷവും തോന്നുന്നു. വൈകിയാണെങ്കിലും അധ്വാനത്തിന്റെ ഫലം അവന് ലഭിച്ചെന്നും ക്രുണാൽ പറഞ്ഞു.















