ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം ലഭിക്കാൻ സംഘടകർ ശ്രമിച്ചെന്ന മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോണിന്റെ ആരോപണത്തിന് മറുപടിയുമായി രവി ശാസ്ത്രി. സെമി ഫൈനലിൽ അഫ്ഗാനിസ്ഥാൻ തോറ്റ് പുറത്തായതോടെയായിരുന്നു വിചിത്ര ആരോപണവുമായി വോൺ രംഗത്തെത്തിയത്. ഗയാനയിലെ പിച്ച് ഇന്ത്യക്ക് അനുകൂലമായിരുന്നുവെന്നും സൂപ്പർ 8-ലെ അവസാന മത്സരം കളിച്ച അഫ്ഗാനിസ്ഥാന് 24 മണിക്കൂറിനുള്ളിൽ അടുത്ത വേദിയിൽ സെമി ഫൈനൽ കളിക്കേണ്ടിവന്നുവെന്നും ഇത് മറ്റ് ടീമുകളോട് ചെയ്യുന്ന ക്രൂരതയാണെന്നുമായിരുന്നു വോണിന്റെ പരാമർശം.
ഇതിനോട് രൂക്ഷമായ ഭാഷയിലാണ് രവി ശാസ്ത്രി പ്രതികരിച്ചത്. സഹപ്രവർത്തകനായ മൈക്കൽ വോൺ എന്നെങ്കിലും ഒരു ലോകകപ്പ് ട്രോഫി നേടിയിട്ടുണ്ടോയെന്നായിരുന്നു ശാസ്ത്രിയുടെ പരിഹാസം കലർന്ന മറുപടി. ” മൈക്കൽ വോണിന് അദ്ദേഹത്തിന്റെ വായിൽ തോന്നുന്നതെന്തും സംസാരിക്കാം. പക്ഷേ ഇന്ത്യക്കാരാരും അത് കാര്യമാക്കുന്നില്ല. അദ്ദേഹം ആദ്യം ഇംഗ്ലണ്ട് ടീമിലെ പ്രശ്‌നങ്ങൾ പരിഹരിക്കട്ടെ. സെമിഫൈനലിൽ ഇംഗ്ലണ്ട് ടീമിന് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ അദ്ദേഹം ടീമിന് ഉപദേശം നൽകണം. ഇംഗ്ലണ്ട് രണ്ട് തവണയാണെങ്കിൽ ഇന്ത്യ നാല് തവണ ഐസിസി കിരീടം നേടിയിട്ടുണ്ട്. പറയുന്ന കാര്യത്തെ കുറിച്ച് രണ്ട് തവണ ചിന്തിക്കുക. അദ്ദേഹം എന്റെ സഹപ്രവർത്തകനാണ്. പക്ഷേ ഇതാണ് എന്റെ മറുപടി.” രവി ശാസ്ത്രി ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സൂര്യകുമാറിന്റെ ക്യാച്ചിൽ വിവാദമുണ്ടാക്കുന്നവരോട് കിട്ടാത്ത മുന്തിരി പുളിക്കുമെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സൂര്യ ക്യാച്ചെടുക്കുമ്പോൾ ബൗണ്ടറി കുഷ്യൻ നീങ്ങിക്കിടക്കുന്നുവെന്നായിരുന്നു ഒരു വിഭാഗം പേരുടെ ആരോപണം. കുഷ്യനിൽ സൂര്യകുമാർ ചവിട്ടിയെന്നും പ്രചരണമുണ്ടായി.