തിരുവനന്തപുരം: ഭാരതം ഉയർച്ചയുടെ കൊടുമുടിയിലാണെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. 2047 ആകുന്നതിന് രാജ്യം മുമ്പ് വികസിത ഭാരതമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ 12-ാമത് കോൺവൊക്കേഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ നൂറ്റാണ്ട് ഭാരതത്തിന്റേതാണ്. അതിൽ എനിക്ക് യാതൊരു സംശയവുമില്ല. കാരണം, ഭാരതമിപ്പോൾ മുമ്പെങ്ങും ഇല്ലാത്ത വിധം ഉയർച്ചയിലാണ്. അതിനെ ആർക്കും തടയാനാകില്ല. ഇനിയും ഇത് ഉയർന്നു കൊണ്ടിരിക്കും. 2047-ലേക്കുള്ള ഇന്ത്യയുടെ വിജയകരമായ യാത്രയ്‌ക്ക് പിന്നിലെ ചാലക ശക്തികൾ ഇന്നത്തെ വിദ്യാർത്ഥികളാണെന്നും ജഗദീപ് ധൻകർ പറഞ്ഞു.
സാങ്കേതികപരമായി നോക്കുമ്പോൾ ഭാരതം വികസിത രാജ്യങ്ങളുമായി ഒരു വ്യത്യാസവുമില്ല. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഇൻറർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി), മെഷീൻ ലേണിംഗ് തുടങ്ങിയ സാങ്കേതിക പുരോഗതിയെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ക്വാണ്ടം കംപ്യൂട്ടിംഗ് മെഷീനുകൾക്ക് 6,000 കോടി രൂപ അനുവദിച്ചിട്ടുള്ള ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി.
ലബോറട്ടറികളിൽ നിന്നും കണ്ടുപിടിക്കുന്ന ബൗദ്ധികവും സാങ്കേതികവുമായ കണ്ടുപിടുത്തങ്ങളുടെയും കാലമാണിപ്പോൾ. അതിർത്തികൾ സുരക്ഷിതമാകാൻ സാങ്കേതിക പുരോഗതിയുടെ പ്രധാന്യം എത്രത്തോളമാണെന്നും ഉപരാഷ്‌ട്രപതി വിലയിരുത്തി.















