ചെന്നൈ : ബിഎസ്പി സംസ്ഥാന അദ്ധ്യക്ഷൻ കെ ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിൽ തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവല്ല. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും, ദളിത് വിഭാഗത്തിലുള്ളവർ സുരക്ഷിതരല്ലെന്നും ഷെഹ്‌സാദ് ആരോപിച്ചു. കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ തമിഴ്‌നാട് സർക്കാർ എന്തുകൊണ്ടാണ് ഇതുവരെയും നടപടികൾ സ്വീകരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
” തമിഴ്‌നാട്ടിലെ ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി കൂടിയായ എം കെ സ്റ്റാലിനാണ് ഇതിന്റെ പൂർണ ഉത്തരവാദി. ദളിത് ബിഎസ്പി നേതാവ് കെ ആംസ്‌ടോങ്ങ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു. ഇവിടെ ആരാണ് സുരക്ഷിതർ. സംസ്ഥാനത്ത് ദളിതർക്ക് സുരക്ഷിതത്വം അനുഭവപ്പെടാത്ത സ്ഥിതിയാണ് ഇപ്പോൾ.
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ 65ഓളം ദളിതർക്കാണ് ജീവൻ നഷ്ടമായത്. എന്നിട്ടും എന്തുകൊണ്ടാണ് ഒരു നടപടിയും സ്വീകരിക്കാത്തത്. മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ എന്ത് അവകാശമാണുള്ളത്. ഇൻഡി മുന്നണി നേതാക്കൾ ഒക്കെ എവിടെയാണ്. ഇത്രയധികം ആളുകൾ കൊല്ലപ്പെട്ടിട്ടും രാഹുൽ ഗാന്ധി ഒരക്ഷരം മിണ്ടിയിട്ടില്ല. കള്ളക്കുറിച്ചിയിൽ കൊല്ലപ്പെട്ട ദളിതരുടെ വീടുകൾ സന്ദർശിക്കാൻ രാഹുൽ തയ്യാറാകുമോ എന്നും” ഷെഹ്‌സാദ് ചോദ്യം ഉന്നയിച്ചു.
കഴിഞ്ഞ ദിവസമാണ് ബിഎസ്പി അദ്ധ്യക്ഷൻ ആംസ്‌ട്രോങ്ങിനെ ചെന്നൈയിലെ പെരമ്പൂരിലെ വസതിക്ക് സമീപത്ത് വച്ച് അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ ആറംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ എട്ട് പേർ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും, പ്രത്യേക സംഘത്തിന് രൂപം നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.















