അഹമ്മദാബാദ്: സൂറത്തിൽ കനത്ത മഴയെ തുടർന്ന് ബഹുനില കെട്ടിടം തകർന്ന് ഏഴ് പേർ മരിച്ചു. സൂറത്തിലെ സച്ചിൻ ജിഐഡിസി ഏരിയയിലുള്ള അഞ്ച് നില കെട്ടിടമാണ് തകർന്നത്. അപകടത്തിൽ പരിക്കേറ്റ15-ലധികം ആളുകൾ ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.
ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് സൂറത്ത് പൊലീസ് കമ്മീഷണർ അനുപം ഗെലോട്ട് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം മൂന്ന് മണിക്ക് ശേഷമായിരുന്നു അപകടം നടന്നത്. തുടർച്ചയായി പെയ്ത മഴയിലാണ് കെട്ടിടം നിലം പൊത്തിയത്. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ എൻഡിആർഎഫും എസ്ഡിആർഎഫും സ്ഥലത്തെത്തുകയായിരുന്നു.
2017-ൽ നിർമിച്ച കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിൽ 30 ഫ്ലാറ്റുകളാണ് ഉണ്ടായിരുന്നത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.