പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ബ്രസീലിനെ വീഴ്‌ത്തി യുറുഗ്വായ് കോപ്പ അമേരിക്ക സെമിയിൽ. എദർ മിലിട്ടാവോയും ഡഗ്ലസ് ലൂയിസും കിക്കുകൾ പാഴാക്കിയതോടെയാണ് കാനറികൾ സെമി കാണാതെ പുറത്തായത്. ത്രില്ലർ പോരാട്ടത്തിൽ 4-2നാണ് യുറുഗ്വായുടെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോളടിക്കാതെ വന്നതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. 74-ാം മിനിറ്റിൽ നഹിത്താൻ നാൻഡസ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയപ്പോൾ 10 പേരുമായാണ് യുറുഗ്വായ് മത്സരം പൂർത്തിയാക്കിയത്. 10 പേരായി ചുരുങ്ങിയിട്ടും യുറുഗ്വായെ വീഴ്‌ത്താൻ കാനറികൾക്ക് കഴിഞ്ഞില്ല. സെമിഫൈനലിൽ കൊളംബിയയാണ് യുറുഗ്വായ്‌യുടെ എതിരാളികൾ.
ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ആദ്യപകുതി അതിന് അനുവദിച്ചില്ല. മഞ്ഞപ്പടയുടെ റഫീഞ്ഞയുടെയും എൻഡ്രിക്കിന്റെയും മുന്നേറ്റം ഗോളിലേക്ക് എത്തിയില്ല. യുറുഗ്വായ്‌ക്കും ഫിനിഷിംഗിൽ കാലിടറിയതോടെ ഗോൾ രഹിത സമനിലയിലായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിലും ഇരുടീമുകൾക്കും കിട്ടിയ അവസരങ്ങൾ മുതലെടുക്കാനായില്ല. കളി പലവട്ടം മൈതാനത്ത് കയ്യാങ്കളിയായി മാറി.
ഷൂട്ടൗട്ടിൽ ബ്രസീലിനായി ആദ്യ കിക്കെടുത്ത ഏദർ മിലിട്ടാവോയുടെ ഷോട്ട് യുറുഗ്വായ് ഗോൾകീപ്പർ റോച്ചെട്ട് തടുത്തിട്ടു. ഗോൾ പോസ്റ്റിൽ തട്ടി ഡഗ്ലസ് ലൂയിസിന്റെ കിക്കും പാഴായി. ഫെഡറിക്കോ വാർവെർദെ, റോഡ്രിഗോ ബെന്റാകർ, ജോർജിയൻ ഡി അരാസ്‌കസ്, മാനുവൽ ഉഗാർട്ടെ എന്നിവരാണ് യുറുഗ്വായ് നിരയിൽ ലക്ഷ്യം കണ്ടത്. ആൻഡ്രിയാസ് പെരേര, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരാണ് ബ്രസീലിനായി വലകുലുക്കിയത്. സസ്‌പെൻഷനിലായ വിനീഷ്യസ് ജൂനിയറില്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്.















