പത്തനംതിട്ട: കാപ്പ കേസ് പ്രതി ശരൺ ചന്ദ്രൻ സാമൂഹ്യവിരുദ്ധപ്രവർത്തനം നടത്തിയിരുന്നുവെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വി എ സൂരജ്. ബിജെപിയുമായോ യുവമോർച്ചയുമായോ ശരണിന് ബന്ധമില്ലെന്നും ബിജെപിക്ക് വേണ്ടി ശരൺ കേസിൽ പ്രതിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
”സാമൂഹ്യവിരുദ്ധപ്രവർത്തനം നടത്തുന്ന ശരണിനെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. സംഘടനയുമായി ആ വ്യക്തിക്ക് യാതൊരുവിധ യാതൊരുവിധ ബന്ധവുമില്ല. കാപ്പ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് സിപിഎം നേതൃത്വം പറഞ്ഞതോടെയാണ് അയാൾ ഇടതുപക്ഷത്തിന്റെ ഭാഗമായത്. ക്രിമിനലുകൾക്ക് തങ്ങാനുള്ള താവളമൊരുക്കുകയാണ് സിപിഎം ചെയ്യുന്നത്. ”- വി എ സൂരജ് പറഞ്ഞു. തെറ്റായ പാത ഉപേക്ഷിച്ച് ശരിയായ പാതയിലേക്കാണ് ശരൺ വന്നതെന്നായിരുന്നു ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പ്രതികരണം. ശരൺ കാപ്പ കേസ് പ്രതിയല്ലെന്നായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞത്. ശരൺ ചന്ദ്രൻ കാപ്പ കേസ് പ്രതിയാണെന്ന് പൊലീസും സ്ഥിരീകരിച്ചു.
കാപ്പ ചുമത്തിയ പ്രതിയെ മാലയിട്ട് സ്വീകരിക്കാൻ സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ എത്തിച്ചിരുന്നു .ജില്ലാ സെക്രട്ടറി ഉദയഭാനു മുൻകൈ എടുത്താണ് മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെ സിപിഎമ്മിൽ എത്തിച്ചത്. ഒരു ക്രിമിനലിനെ കൂടി പാർട്ടിയിലെത്തിച്ച ആവേശത്തിൽ രക്തഹാരമണിയിച്ച ക്രിമിനലിനൊപ്പം നിന്ന് മന്ത്രിയുൾപ്പെടെ മുദ്രാവാക്യം മുഴക്കി. സ്വീകരണ ചടങ്ങിൽ നിന്ന് ജനീഷ് കുമാർ എംഎൽഎ മാറി നിന്നതും ശ്രദ്ധേയമായി. ഇയാളെ പാർട്ടിയിൽ എത്തിച്ചതിൽ പ്രവർത്തകർക്കിടയിലും ഭിന്നത രൂക്ഷമാണ്.















