മാഹി: ഫ്രഞ്ച് തെരഞ്ഞെടുപ്പിന്റെ ആവേശം കാണുവാൻ കിലോമീറ്ററുകൾ സഞ്ചരിച്ച് ഫ്രാൻസിൽ എത്തണമെന്നില്ല. കണ്ണൂരിന് സമീപത്തെ മാഹിയിൽ എത്തിയാൽ മതി. ഫ്രാൻസിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ് മാഹിയിലെ ഫ്രഞ്ച് പൗരന്മാർ. ഇന്ത്യയിൽ വോട്ടവകാശം ഇല്ലാത്ത മാഹിയിലെ ഫ്രഞ്ച് പൗരന്മാർക്ക് ഫ്രാൻസിൽ വോട്ടവകാശമുണ്ട്. ഫ്രാൻസിലെ രാഷ്‌ട്രീയ പാർട്ടികൾ സ്ഥാനാർത്ഥിയുടെ വിശദാംശങ്ങളും, വാഗ്ദാനങ്ങളും തപാൽ വഴിയാണ് മാഹിയിൽ എത്തിക്കുന്നത്.
ഇരുപത്തിയേഴിൽ അധികം ഫ്രഞ്ച് പൗരന്മാർ ഇന്ന് മാഹിയിൽ ഉണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഫ്രാൻസിൽ ഭരണമാറ്റം സംഭവിക്കുമെന്നാണ് മാഹിയിലെ ജനത പ്രതീക്ഷിക്കുന്നത്. അനധികൃത കുടിയേറ്റം അടക്കമുള്ള കാര്യങ്ങൾ ഫ്രാൻസിൽ ഇത്തവണ
പ്രധാന ചർച്ചാ വിഷയമാണെന്ന് മാഹിയിലെ ജനത വ്യക്തമാക്കുന്നു. ആര് വിജയിച്ചാലും ഫ്രാൻസിൽ മാറ്റം കൊണ്ടുവരണമെന്നാണ് മാഹിയിലെ ഫ്രഞ്ച് പൗരന്മാരുടെ ആവശ്യം.
ഫ്രാൻസിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച വൈകിട്ടോടെ പുറത്തുവരും. ദേശീയ അസംബ്ലിയിലെ 577 സീറ്റുകളിലേക്ക് രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഘട്ടം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. ഇത്തവണ രാജ്യത്ത് തീവ്ര-വലതുപക്ഷ പാർട്ടിയായ നാഷണൽ റാലി മുന്നേറ്റമുണ്ടാക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. മാരിൻ ലെ പെന്നും ജോര്‍ദാന്‍ ബാര്‍ഡെല്ലയും നയിക്കുന്ന നാഷണൽ റാലി കേവല ഭൂരിപക്ഷമായ 289 കടക്കുമെന്നാണ് സൂചന. ഇത് യാഥാർത്ഥ്യമായാൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഫ്രഞ്ച് ജനതയെ ഭരിക്കാൻ പോകുന്ന ആദ്യ തീവ്ര വലതുപക്ഷ പാർട്ടിയായിരിക്കും നാഷണൽ റാലി. അതേസമയം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മാക്രോണിന്റെ കാലാവധി 2027 വരെയുള്ളതിനാൽ അദ്ദേഹത്തിന്റെ പാർട്ടിയായ റെനൈസെന്‍സ് പരാജയപ്പെട്ടാലും മാക്രോൺ സ്ഥാനമൊഴിയില്ല.















