മലപ്പുറം: കൊണ്ടോട്ടിയിൽ ബസിന് നേരെ വടിവാൾ വീശി കാണിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോയ സ്വകാര്യ ബസിന് മുമ്പിലായിരുന്നു ഓട്ടോ ഡ്രൈവറുടെ പരാക്രമം. സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോൺ മുഴക്കിയതോടെയാണ് ഡ്രൈവർ വടിവാൾ വീശി കാണിച്ചത്.
സ്റ്റോപ്പിൽ ആളെ ഇറക്കുന്നതിനായി ബസ് നിർത്തിയപ്പോൾ ഓട്ടോ മുന്നിൽ കയറുകയായിരുന്നു. എന്നാൽ പിന്നീട് സൈഡ് നൽകാതെയായിരുന്നു ഓട്ടോ പോയിരുന്നത്. ഇതോടെ ബസ് ഡ്രൈവർ ഹോൺ മുഴക്കി. എന്നാൽ സൈഡ് നൽകുന്നതിന് പകരം ഓട്ടോ ഡ്രൈവർ വടിവാൾ ഉയർത്തി കാണിച്ച് ഏകദേശം മൂന്ന് കിലോമീറ്ററോളം വാഹനം ഓടിച്ചു.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ ബസ് ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീൻ പിടിയിലായത്.















