ചെന്നൈ: സംസ്ഥാനത്തെ ബഹുജൻ സമാജ് പാർട്ടി അദ്ധ്യക്ഷൻ കെ ആംസ്ട്രോങ് കൊല്ലപ്പെട്ട സംഭവത്തിൽ തമിഴ്‍നാട് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ. ഡിഎംകെ സർക്കാരിന്റെ ദ്രാവിഡ മോഡൽ ഇപ്പോൾ കൊലപാതക മോഡലായി മാറിയിരിക്കുന്നുവെന്ന് അവർ ആരോപിച്ചു. തമിഴ്‌നാട്ടിൽ രാഷ്‌ട്രീയ കൊലപാതകങ്ങൾ വർധിച്ചിട്ടും മുഖ്യമന്ത്രി സ്റ്റാലിൻ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും തമിഴിസൈ വിമർശിച്ചു.
“ഇത് അംഗീകരിക്കാനാവില്ല. മുൻപൊരിക്കൽ ഒരു എഐഎഡിഎംകെ പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. ഒരു പിഎംകെ പ്രവർത്തകനും കൊല്ലപ്പെട്ടു. ഞങ്ങളുടെ ബിജെപി പ്രവർത്തകരിൽ ഒരാളുടെ ഭർത്താവിനെ അണ്ണാ നഗറിൽ വച്ച് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി,” തമിഴിസൈ പറഞ്ഞു.
മുഖ്യമന്ത്രി പറയുന്നത് പ്രതികൾ കീഴടങ്ങിയെന്നാണ്. ഇത് രാഷ്‌ട്രീയപ്രേരിതമല്ലെന്ന് മറ്റൊരു സർക്കാർ ഉദ്യോഗസ്ഥൻ പറയുന്നു. ഇതൊക്കെ തീരുമാനിക്കാൻ ഇവർ ആരാണ്. സംഭവത്തിൽ ഒരു സിബിഐ അന്വേഷണം ഉറപ്പായും നടത്തണം, ബിജെപി നേതാവ് ആവശ്യപ്പെട്ടു.
മൂന്ന് മാസങ്ങൾക്ക് മുൻപ് കോൺഗ്രസ് തിരുനെൽവേലി ജില്ലാ പ്രസിഡന്റ് ജയകുമാർ കൊല ചെയ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ അന്വേഷണമോ അറസ്റ്റോ ഉണ്ടായില്ല. സ്വന്തം സഖ്യകക്ഷികളായ കോൺഗ്രസിനെ പോലും ഡിഎംകെ സർക്കാർ വഞ്ചിക്കുകയാണെന്ന് തമിഴിസൈ ആരോപിച്ചു.
ജൂലൈ 5 നാണ് ചെന്നൈ പേരമ്പൂരിലെ വസതിയിൽ വച്ച് ബിഎസ്പി നേതാവ് ആംസ്ട്രോങ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കേസിൽ അടിയന്തര സിബിഐ അന്വേഷണം വേണമെന്നും സംസ്ഥാന സർക്കാർ വിഷയം ഗൗരവമായി എടുത്തിട്ടില്ലെന്നും ബിഎസ്പി അധ്യക്ഷ മായാവതി ആരോപിച്ചിരുന്നു.















