തിരുവനന്തപുരം: ഹയർ സെക്കൻഡറി/VHSE സേ പരീക്ഷ റിസൾട്ട് ഉടൻ പബ്ലിഷ് ചെയ്യണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്യാണി ചന്ദ്രൻ. കഴിഞ്ഞ ജൂൺ 12 ന് ആരംഭിച്ച് 20 ന് പൂർത്തിയായ ഹയർ സെക്കൻഡറി/VHSE സേ പരീക്ഷ റിസൾട്ട് ഇനിയും പബ്ലിഷ് ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലാണ് എബിവിപിയുടെ ആവശ്യം.
ഹയർ സെക്കൻഡറി/VHSE സേ പരീക്ഷ റിസൾട്ടുകൾ പബ്ലിഷ് ചെയ്തിട്ടില്ലെങ്കിലും കേരള സർവകലാശാലയുടെ ബിരുദ പ്രവേശനം അവസാനിപ്പിച്ചുകഴിഞ്ഞു. മറ്റു സർവകലാശാലകളിൽ പ്രവേശന പ്രക്രിയകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒരുലക്ഷത്തോളം വിദ്യാർത്ഥികളാണ് സേ പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുന്നത്.
ഫലം പ്രഖ്യാപിക്കാൻ വൈകുന്നത് ഈ വർഷം ബിരുദമുൾപ്പെടെയുള്ള കോഴ്സുകളിലേക്ക് പ്രവേശനം നേടാമെന്ന വിദ്യാർത്ഥികളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ്. ഇത് വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യയനവർഷം പൂർണമായി നഷ്ടമാകുന്നതിന് കാരണമാകും. അതുകൊണ്ട് എത്രയും പെട്ടെന്ന് സേ പരീക്ഷ റിസൾട്ട് പ്രഖ്യാപിച്ചുകൊണ്ട് എല്ലാ വിദ്യാർത്ഥികൾക്കും ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.