ഹൈദരാബാദ് : തെലങ്കാനയിലും തെലുങ്ക് ദേശം പാർട്ടി ( ടിഡിപി) ഉടൻ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഹൈദരാബാദിൽ ടി ഡി പി പ്രവർത്തകരെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലു പതിറ്റാണ്ട് മുൻപ് തെലങ്കാനയിലാണ് പാർട്ടി ജനിച്ചത്. അത് ഉടൻ തന്നെ അവിടെ പുനഃസംഘടിക്കപ്പെടുമെന്നും ചന്ദ്ര ബാബു നായിഡു പറഞ്ഞു.
“തെലുങ്ക് ജനതയ്‌ക്ക് വേണ്ടി പിറവിയെടുത്ത പാർട്ടിയാണിത്. സംസ്ഥാനത്ത് ശക്തമായ നിലയിലേക്ക് പാർട്ടി തിരിച്ച് വരും. പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച നിരവധി പേരുണ്ട്. അത് ഉടൻ തന്നെ പുനഃസംഘടിക്കപ്പെടും ,” ചന്ദ്ര ബാബു നായിഡു പറഞ്ഞു. തെലങ്കാനയിൽ പാർട്ടിക്ക് പഴയകാല പ്രതാപം കൊണ്ടുവരാൻ താൻ പ്രവർത്തിക്കുമെന്ന് പറഞ്ഞ അദ്ദേഹം സംസ്‌ഥാനത്തെ യുവാക്കളെയും വിദ്യാസമ്പന്നരെയും പാർട്ടി പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുമായി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ആന്ധ്രയിലും തെലങ്കാനയിലുമുള്ള ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് ഇരുപാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2014ലെ ആന്ധ്രാപ്രദേശ് വിഭജനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ഉദ്യോഗസ്ഥ-മന്ത്രിതല സമിതികൾ രൂപീകരിച്ച് പരിഹരിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
ഹൈദരാബാദിന്റെ വികസനത്തിനായി മുഖ്യമന്ത്രിയെന്ന നിലയിൽ വളരെ അധികം പ്രയത്‌നിച്ചതായും അദ്ദേഹം പറയുന്നു. തെലങ്കാനയാണ് ഇപ്പോൾ പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ളതെന്നും തെലുങ്കാനയും ആന്ധ്രാപ്രദേശും തമ്മിലുള്ള അന്തരം 2014ൽ 33 ശതമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2014 നും 2019 നും ഇടയിൽ താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഈ വിടവ് 27 ശതമാനമായി കുറയ്‌ക്കാൻ കഴിഞ്ഞതായും എന്നാൽ വൈഎസ്ആർ കോൺഗ്രസ് ഭരണകാലത്ത് ഇത് വീണ്ടും 44 ശതമാനമായി ഉയർന്നതായും അദ്ദേഹം പറഞ്ഞു.
നിരവധി സംരംഭകർ സംസ്ഥാനത്ത് നിക്ഷേപം നടത്താൻ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷമായ വൈഎസ്ആർസിപിയുടെ മനോഭാവത്തിൽ ആശങ്കയുണ്ടെന്നും എല്ലാ തടസ്സങ്ങളും പ്രശ്നങ്ങളും മറികടന്ന് ആന്ധ്രാപ്രദേശിന്റെ വികസനത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.















