പുരി: നാല് ദിവസത്തെ സന്ദർശനത്തിനായി തന്റെ ജന്മനാടായ ഒഡിഷയിലെത്തി പ്രസിഡന്റ് ദ്രൗപദി മുർമു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായ ഉഷ്‌ണതരംഗത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും രാഷ്‌ട്രപതി ആശങ്ക രേഖപ്പെടുത്തി. പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയോടനുബന്ധിച്ച് ഒഡിഷയിലെത്തിയ പ്രസിഡന്റ് പുരിയിലെ ഗോൾഡൻ ബീച്ച് സന്ദർശിക്കുകയും ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു.

“ജീവിതത്തിന്റെ സത്തയുമായി നമ്മെ കൂടുതൽ അടുപ്പിക്കുകയും നാം പ്രകൃതിയുടെ ഭാഗമാണെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന സ്ഥലങ്ങളുണ്ട്. പർവ്വതങ്ങളും വനങ്ങളും നദികളും കടൽത്തീരങ്ങളും ഉള്ളിലെ എന്തിനെയോ വല്ലാതെ ആകർഷിക്കുന്നു. ഞാനിന്ന് കടൽത്തീരത്ത് കൂടെ നടക്കുമ്പോൾ ചുറ്റുമുള്ളവയുമായി ഒരു കൂട്ടായ്മ അനുഭവപ്പെട്ടു. ഇളം കാറ്റ്, തിരമാലകളുടെ ശബ്ദം എല്ലാം. തികച്ചും ഒരു ധ്യാനാനുഭവം ആയിരുന്നു” രാഷ്‌ട്രപതി എക്‌സിൽ കുറിച്ചു.

ഭൂമിയുടെ ഉപരിതലം 70 ശതമാനം സമുദ്രങ്ങളാൽ നിർമ്മിതമാണ്. ആഗോളതാപനം സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാകും. നാം ഇന്ന് കാണുന്ന തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ അധിക സമയം വേണ്ടി വരില്ല.സമുദ്രങ്ങളും അവിടെ കാണപ്പെടുന്ന സമ്പന്നവും വൈവിധ്യവുമാർന്ന സസ്യജന്തുജാലങ്ങളും വിവിധ തരത്തിലുള്ള മലിനീകരണം കാരണം നാശത്തിന്റെ വക്കിലാണ്, ആഗോളതാപനത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ദ്രൗപദി മുർമു പറഞ്ഞു. ഭാവി തലമുറയ്‌ക്കുവേണ്ടി സർക്കാരും പൗരന്മാരുമുൾപ്പെടെ എല്ലാവരും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാകണമെന്ന് മുർമു അഭ്യർത്ഥിച്ചു.















