ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിൽ സംവിധായകൻ ഷാജി കൈലാസ്. സുരേഷ് ഗോപി വിജയിച്ച് മന്ത്രിയാകുന്നത് കാണണമെന്നും ‘എടാ മന്ത്രി’ എന്ന് തനിക്ക് വിളിക്കണമെന്നും ഒരിക്കൽ ഒരു ടിവി പരിപാടിയിൽ ഷാജി കൈലാസ് പറഞ്ഞിരുന്നു. സംവിധായകന്റെ ആ ആഗ്രഹമാണ് പൂർത്തിയായത്. സുരേഷ് ഗോപിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഫിലിം ഫ്രട്ടേണിറ്റി നൽകിയ ആദരവിൽ പങ്കെടുത്തുകൊണ്ടാണ് തന്റെ ആഗ്രഹം ഷാജി കൈലാസ് സാധ്യമാക്കിയത്.
“ഞാൻ സ്റ്റേജിലൊന്നും അങ്ങനെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് കൈ വിറയ്‌ക്കുകയാണ്. എന്തായാലും അധികമൊന്നും ഞാൻ സംസാരിക്കുന്നില്ല. എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞു. പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് ‘എടാ മന്ത്രി’ എന്നുമാത്രം വിളിച്ചോട്ടെ. അതിനപ്പുറം എനിക്ക് ഒന്നും പറയാനില്ല”- ഷാജി കൈലാസ് പറഞ്ഞു.
വേദിയിൽ നിന്ന് തിരിച്ച് പോകുമ്പോൾ സുരേഷ് ഗോപിയ്‌ക്ക് സ്നേഹ ചുംബനവും ഷാജി കൈലാസ് നൽകി. നിർമ്മാതാവ് സുരേഷ്കുമാർ, നടൻ മണിയൻപിള്ള രാജു തുടങ്ങിയവരും സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെപ്പറ്റി മനസ് തുറന്നു.















