നന്നായി കിടന്നുറങ്ങുന്ന സമയത്ത് പട്ടി കടിക്കാൻ ഓടിപ്പിക്കുന്നതും പാമ്പ് കൊത്താൻ വരുന്നതുമായ ദുഃസ്വപ്‌നങ്ങൾ പലപ്പോഴും കണ്ടിരിക്കും അല്ലേ? എന്നാൽ കൊടുങ്ങല്ലൂരിൽ ക്ഷേത്രപരിസരത്ത് കിടന്നുറങ്ങിയിരുന്ന വയോധികൻ കണ്ടത് സ്വപ്‌നമായിരുന്നില്ല. ഉറക്കത്തിനിടയിൽ ശരീരത്തിലുടെ കയറി ഇറങ്ങി പോയത് യഥാർത്ഥ പാമ്പായിരുന്നു.
കൊടുങ്ങല്ലൂരിലെ ക്ഷേത്രപരിസരത്തെ ആൽത്തറയിൽ സുഖമായി കിടന്നുറങ്ങിയിരുന്ന വയോധികന്റെ ദേഹത്തിലൂടെയാണ് വലിയൊരു ചേര കയറി പോയത്. സമീപത്തെ ആളുകൾ ബഹളം വച്ചതോടെ വയോധികൻ ചാടി എഴുന്നേൽക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആൽത്തറയിൽ ഇരുന്ന മറ്റ് ആളുകൾ പാമ്പിനെ കണ്ട് മാറുന്നതും ബഹളം വച്ച് വയോധികനെ എഴുന്നേൽപ്പിക്കുന്നതും വീഡിയോയിൽ കാണാം. വിഷമുള്ള പാമ്പല്ലാത്തതിനാൽ വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്കായിരുന്നു. ചേരയാണെന്ന് അറിഞ്ഞതോടെയാണ് വയോധികനും ആശ്വാസമായത്.