ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ 125 കോടി രൂപായാണ് പാരിതോഷികം പ്രഖ്യാപിച്ചത്. അന്നുമുതൽ ഇത് എങ്ങനെയാകും വീതംവയ്‌ക്കുക എന്നൊരു ചോദ്യമുണ്ടായിരുന്നു. ഇപ്പോൾ അതിനാണ് ഉത്തരമായിരിക്കുന്നത്. ടീമിലെ ഓരോരുത്തർക്കും എത്ര വീതം കിട്ടുമെന്ന് ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്യുന്നത്.
15 അംഗ സ്ക്വാഡിൽ ഉൾപ്പെട്ട സഞ്ജു സാംസൺ, യുസ്വേന്ദ്ര ചഹൽ,യശസ്വി ജയ്സ്വാൾ എന്നിവരടക്കമുള്ളവർക്ക് 5 കോടി രൂപ വീതമാണ് ലഭിക്കുന്നത്. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്, ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ,ഫീൾഡിംഗ് പരിശീലകൻ ടി. ദിലീപ്,ബൗളിംഗ് കോച്ച് പരസ് മാംബ്രേ എന്നിവർക്ക് രണ്ടര കോടി കിട്ടുമ്പോൾ അജിത് അഗാർക്ക് നയിക്കുന്ന അഞ്ചംഗ സെലക്ഷൻ കമ്മിറ്റിക്കും ലഭിക്കും ഓരോ കോടി വീതം. റിസർവ് താരങ്ങളായിരുന്ന ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവർക്ക് ഒരുകോടിയാണ് സമ്മാനം.
ഫിസിയോ തെറാപ്പിസ്റ്റകളായ കമലേഷ് ജെയിൻ, യോഗേഷ് പർമർ, തുളസി റാം യുവരാജ്, ത്രോ ഡൗണ്‍ സ്പെഷലിസ്റ്റുകളായ രാഘവേന്ദ്ര ഡിവിജി, നുവാൻ സേനവിരത്നെ, ദയാനന്ദ് ഗരാനി, മസാജര്‍മാര്‍മാരായ രാജീവ് കുമാർ, അരുൺ കാനഡെ, സ്ട്രെംഗ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ചായ സോഹം ദേശായി എന്നിവര്‍ക്കും രണ്ട് കോടിയാണ് ലഭിക്കുന്നത്. 42 അംഗ ഇന്ത്യൻ സംഘമാണ് ലോകകപ്പിനായി പോയത്. എല്ലാ അംഗങ്ങൾക്കും സമ്മാനത്തുകയിലെ പങ്ക് ലഭിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.