കോഴിക്കോട്: തെറ്റ് തിരുത്താൻ എസ്എഫ്‌ഐ തയ്യാറാകണമെന്ന് ആവർത്തിച്ച് വിമർശിച്ചതിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി. നാദാപുരത്തെ സിപിഎം പ്രവർത്തകൻ രഞ്ജിഷ് ടിപി കല്ലാച്ചിയാണ് ഭീഷണി സന്ദേശം ഉൾപ്പെടുത്തിയ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. എസ്എഫ്‌ഐയ്‌ക്ക് ക്ലാസെടുക്കാൻ വരേണ്ടയെന്നും ജൽപനം തുടർന്നാൽ കണക്ക് ചോദിക്കുമെന്നും പോസ്റ്റിൽ പറയുന്നു.
നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്‌ഐയ്‌ക്ക് ക്ലാസെടുക്കാൻ വരേണ്ടയെന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റാണ് പങ്കുവച്ചത്. സിപിഎമ്മിന്റെ മിടുക്ക് കൊണ്ടാണ് ബിനോയ് വിശ്വം എംഎൽഎയും മന്ത്രിയുമായതെന്നും അതോർത്താൽ നല്ലതാണെന്നും സിപിഎം പ്രവർത്തകൻ താക്കീത് നൽകി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
‘നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്‌ഐ ക്ക് ക്ലാസെടുക്കാൻ വരരുത്.അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ നീ നടത്തിയ ജല്പനങ്ങൾ ഇനിയും നീ പുറത്തെടുത്താൽ കണക്ക് ചോദിക്കുന്നത് എസ്എഫ്‌ഐ ആയിരിക്കില്ല ഓർത്താൽ നല്ലത്. ‘
അടുത്തിടെ കടുത്ത വിമർശനങ്ങളാണ് സിപിഎമ്മിനെതിരെയും എസ്എഫ്‌ഐയ്‌ക്കെതിരെയും ബിനോയ് വിശ്വം ഉയർത്തിയത്. എസ്എഫ്‌ഐ തുടരുന്നത് പ്രാകൃതമായ സംസ്‌കാരമാണ്. ഇടതുപക്ഷമെന്ന വാക്കിന്റെ അർത്ഥം ഇപ്പോഴത്തെ എസ്എഫ്‌ഐയ്‌ക്ക് അറിയില്ലെന്നും വിദ്യാർത്ഥി സംഘടനയെ തിരുത്താൻ സിപിഎം തയ്യാറാകണമെന്നും തുടങ്ങി രൂക്ഷ വിമർശനമാണ് എസ്എഫ്‌ഐയ്‌ക്കെതിരെ അദ്ദേഹം നടത്തിയത്.















