ടി20 ലോകകപ്പ് കിരിടീം നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികം നൽകിയത്. എന്നാൽ 1983ൽ കരീബിയൻ കരുത്തിനെ ക്ഷയിപ്പിച്ച് ഇന്ത്യക്ക് ആദ്യ ലോകകിരീടം സമ്മാനിച്ച ടീം ഇന്ത്യക്ക് പാരിതോഷികം നൽകിയില്ലെന്നും ഇപ്പോഴത്തെ ബോർഡ് അത് പരിഗണിക്കണമെന്നും ആവശ്യമുയർന്നു. കപിൽ ദേവ് നയിച്ച ടീമിലുണ്ടായിരുന്ന താരമാണ് ആവശ്യവുമായി രംഗത്തുവന്നത്.
രണ്ടുവട്ടം ചാമ്പ്യന്മാരായ വിൻഡീസിനെ 43 റൺസിന് കീഴടക്കിയാണ് ക്രിക്കറ്റ് മെക്കയിൽ ഇന്ത്യ കിരീടം ചൂടിയത്. 60 ഓവറിൽ 183 റൺസ് നേടിയ ഇന്ത്യ വിൻഡീസിനെ 140 റൺസിന് പുറത്താക്കുകയായിരുന്നു. മദൻലാലും മൊഹീന്ദർ അമർനാഥും മൂന്ന് വിക്കറ്റ് വീതം നേടിയാണ് ഇന്ത്യക്ക് ജയവും കിരീടവും സമ്മാനിച്ചത്.
‘അന്ന് വിജയത്തിന് ശേഷം ഒരു പാരിതോഷികവും പ്രഖ്യാപിച്ചിരുന്നില്ല. ബോർഡിന് പണം ഇല്ലെന്നാണ് പറഞ്ഞത്. എന്നാൽ ഇപ്പോൾ പ്രഖ്യാപിക്കാമല്ലോ. എന്താണ് തടസം. ടീമിലെ കുറച്ചുപേർക്കാണ് ഇപ്പോഴും വരുമാനമുള്ളത്. മറ്റുള്ളവർ കഷ്ടപ്പെടുകയാണ്. ബിസിസിഐ ഇക്കാര്യം പരിഗണിക്കണം”—-പേരു വെളിപ്പെടുത്താത്ത ഒരു താരം പറഞ്ഞു.
അന്ന് താരങ്ങൾക്ക് 25,000 രൂപയാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്. എന്നാൽ തുച്ഛമായ തുകയായതിനാൽ ഫണ്ട് കണ്ടെത്താൻ ഗായിക ലതാ മങ്കേഷ്കർ ഡൽഹിയിൽ ഒരു മ്യൂസിക് ഷോ നടത്തുകയും അതുവഴി ലഭിച്ച തുകയിൽ നിന്ന് ഓരോ താരങ്ങൾക്കും ഒരുലക്ഷം രൂപ വീതം നൽകുകയായിരുന്നു.















