എറണാകുളം: വിദ്യാർത്ഥിനിയെ കടന്നുപിടിച്ച സിൻഡിക്കേറ്റ് അംഗത്തിനെതിരെ കേസ്. കുസാറ്റിലെ സിൻഡിക്കേറ്റ് അംഗവും ഇടത് നേതാവുമായ പികെ ബേബിക്കെതിരെയാണ് കളമശേരി പൊലീസ് കേസെടുത്തത്.
കഴിഞ്ഞ സർവ്വകലാശാല കലോത്സവത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. പരിപാടി നടക്കുന്നതിനിടെ പ്രതി കടന്നുപിടിച്ചുവെന്നായിരുന്നു വിദ്യാർത്ഥിനിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് അന്ന് വലിയ തോതിൽ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും രാഷ്‌ട്രീയ ഇടപെടലുകൾ മൂലം വിദ്യാർത്ഥിനി പരാതിയിൽ നിന്ന് പിന്മാറുകയായിരുന്നു.
പികെ ബേബിക്കെതിരെ നടപടി ഉണ്ടാകുമെന്ന് പറഞ്ഞ് പാർട്ടി പ്രവർത്തകർ പെൺകുട്ടിയെയും കുടുംബത്തെയും പറഞ്ഞ് പറ്റിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് യാതൊരു നടപടിയും ഉണ്ടാകാത്തതിനാൽ പെൺകുട്ടി പരാതി രേഖാമൂലം കൂസാറ്റിലെ ആഭ്യന്തര സമിതിക്ക് കൈമാറി. ഇയാൾക്കെതിരെ മൊഴിയും പെൺകുട്ടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര സമിതി കളമശേരി പൊലീസിനെ വിവരം അറിയിച്ചത്. തുടർന്നാണ് ബേബിക്കെതിരെ കേസെടുത്തിരിക്കുന്നത്.
അനധികൃത നിയമനവുമായി ബന്ധപ്പെട്ട് നേരത്തെയും ബേബിക്കെതിരെ നിരവധി പരാതികളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.















