മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവച്ച് സത്യൻ അന്തിക്കാടിന്റെ മക്കളായ അനൂപും അഖിലും. ഒരു സൂപ്പർ ഫൺ ചിത്രം എന്നാണ് അഖിൽ സത്യൻ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിലാകും ചിത്രത്തിന്റെ നിർമാണം എന്ന് വ്യക്തമാക്കിയിരിക്കുന്നത് അഖിൽ സത്യനാണ്.
ആൻ്റണി പെരുമ്പാവൂർ നിർമാതാവുന്ന ചിത്രത്തിന്റെ കഥയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 2015 ൽ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷമാണ് ഹിറ്റ് കോംബോ വീണ്ടും ഒരുമിക്കുന്നത്. ജനുവരിയിലാണ് മോഹൻലാലുമായി വീണ്ടും ഒരുമിക്കുന്ന വിവരം സത്യൻ അന്തിക്കാട് പങ്കുവച്ചത്.
പാൻ ഇന്ത്യൻ ചിത്രമായിരിക്കില്ലെന്നും ഒരു സാധരൻ സിനിമയാകും വരുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു. 9 വർഷത്തിന് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ വലിയൊരു മാജിക്കാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും ഒരുമിച്ച അവസാന ചിത്രത്തിൽ മഞ്ജു വാര്യറായിരുന്നു നായിക. ഇന്നസെൻ്റ് അടക്കമുള്ള പ്രഗത്ഭരും ചിത്രത്തിലുണ്ടായിരുന്നു.















