സുരേഷ് ഗോപിയുടെ വിജയം മലയാളികളുടെ വിജയമാണെന്ന് നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ. നന്മയുടെ വിജയമാണ് സുരേഷ് ഗോപിയുടേത്. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും വികസനത്തിന്റെ വലിയ ഒരു പ്രവാഹം കേരളത്തിൽ സാധ്യമാകും എന്നാണ് തന്റെ പ്രതീക്ഷയെന്നും പ്രേംകുമാർ പറഞ്ഞു. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സുരേഷ് ഗോപിക്ക് ഫിലിം ഫ്രട്ടേണിറ്റി നൽകിയ ആദരവിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനത്തിന്റെ നിമിഷമാണ്. അഭിമാനത്തിന്റെ നെറുകയിലാണ് ഞങ്ങൾ. നമ്മുടെ കൂട്ടത്തിലെ ഒരാൾ ഇന്ത്യയിലെ ഏറ്റവും വലിയ പദവികളിൽ ഒന്നിൽ എത്തിയിരിക്കുന്നു. വാക്കുകളിൽ അല്ല, ഹൃദയംകൊണ്ട് അഭിമാനിക്കുകയാണ് ഞങ്ങൾ. സുരേഷ് ഗോപി എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. ദേശീയ പുരസ്കാരം നേടിയ ആളാണ്, ഇന്ന് കേന്ദ്ര മന്ത്രിയാണ്. അതിലപ്പുറം സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ്. സുരേഷ് ഗോപി എന്ന വ്യക്തിയെ കൂടി അംഗീകരിച്ചുകൊണ്ടാണ് തൃശ്ശൂരിലെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തിൽ അദ്ദേഹത്തെ വിജയിപ്പിച്ചത്. നന്മയുടെ വിജയമായാണ് സുരേഷ് ഗോപിയുടെ വിജയത്തെ ഞാൻ കാണുന്നത്”.
“കലാകാരൻ സമൂഹത്തെ ഒന്നിപ്പിക്കുന്ന ഒരാളാണ്. തൃശ്ശൂരിന്റെ മാത്രമല്ല, കേരളത്തിന്റെ മുഴുവൻ സമഗ്രമായ വികസനത്തിന് സുരേഷ് ഗോപി കാരണമാകും. അദ്ദേഹത്തിന്റെ മനസ്സിൽ ഒരുപാട് നല്ല പദ്ധതികൾ ഉണ്ട്. കേരളത്തിന്റെ മുഴുവൻ പിന്തുണയും സുരേഷ് ഗോപിക്ക് ഉണ്ടാകണം. രാഷ്‌ട്രീയത്തിലൊക്കെ വരുന്നതിനു മുൻപ് എത്രയോ മനുഷ്യരെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ആ മനസ്സ് ഇപ്പോഴും അദ്ദേഹം തുടരുന്നു. മലയാളികൾക്ക് ഒരു അനുഗ്രഹമായി സുരേഷ് ഗോപി മാറട്ടെ. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും അദ്ദേഹത്തിന്റെ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും വികസനത്തിന്റെ ഒരു വലിയ പ്രവാഹം കേരളത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു”-പ്രേംകുമാർ പറഞ്ഞു.















