പ്രേക്ഷകരെ ആകാംക്ഷയിലാക്കുന്ന ഒരു ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. സിനിമയാണോ, ഷോർട്ട് ഫിലിമാണോ എന്ന് പോലും അറിയാതെ കണ്ണിലുടക്കിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിനെ കുറിച്ച് ചർച്ച ചെയ്യുകയാണ് സമൂഹമാദ്ധ്യമങ്ങൾ. പൊടിവാശി എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന എന്ന ഫസ്റ്റ്ലുക്കാണ് പുറത്തുവന്നിട്ടുള്ളത്.

പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ ഇരുപതാം നൂറ്റാണ്ടിലെ ഫോട്ടോയാണ് ഫസ്റ്റ്ലുക്കിലുള്ളത്. ഇതാണ് പ്രേക്ഷകർക്കിടയിൽ ചർച്ച ഉടലെടുക്കാനുള്ള പ്രധാന കാരണവും. ഇരുപതാം നൂറ്റാണ്ടുമായോ മോഹൻലാലുമായോ പൊടിവാശിക്ക് എന്ത് ബന്ധമാണെന്നാണ് സമൂഹമാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.
നിതീഷ് സുധ എന്ന സംവിധായകൻ ഒരുക്കുന്ന ഒരു ഷോർട്ട് ഫിലിമാണ് പൊടിവാശി. ഒരു മോഹൻലാൽ ആരാധകന്റെ കഥ പറയുന്നതാണ് ചിത്രം. ഒരു കോമഡി എന്റർടൈൻമെന്റ് സിനിമയാണിത്. ഈ മാസം അവസാനമാണ് റിലീസ് ചെയ്യുന്നത്.
സോഷ്യൽ മീഡിയ ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ നിതീഷ് സുധ രംഗത്തെത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ക്ലൈമാക്സുമായി ചിത്രത്തിന് ബന്ധമുണ്ടെന്നും അതിനാലാണ് പോസ്റ്ററിൽ അങ്ങനെയൊരു ആശയം കൊണ്ടുവന്നതെന്നും നിതീഷ് വ്യക്തമാക്കി.















