മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തുടർച്ചയായി മൂന്നാമതും അധികാരത്തിലെത്തിയ നരേന്ദ്രമോദിയെ അഭിനന്ദിച്ച പുടിൻ, തന്റെ അടുത്ത സുഹൃത്താണ് മോദിയെന്ന് വിശേഷിപ്പിച്ചു. മോസ്കോയിലെ പുടിന്റെ വസതിയിൽ (Novo-Ogaryovo) വച്ചാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
Gratitude to President Putin for hosting me at Novo-Ogaryovo this evening. Looking forward to our talks tomorrow as well, which will surely go a long way in further cementing the bonds of friendship between India and Russia. pic.twitter.com/eDdgDr0USZ
— Narendra Modi (@narendramodi) July 8, 2024
ജനസേവനത്തിനായി ജീവിതം മാറ്റിവച്ചയാളാണ് മോദിയെന്നും അദ്ദേഹം ഇന്ത്യക്ക് വേണ്ടി ഒട്ടേറ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും പുടിൻ പ്രതികരിച്ചു. നരേന്ദ്രമോദിയുടെ അധ്വാനത്തിന്റെ ഫലമാണ് മൂന്നാമതും പ്രധാനമന്ത്രി പദത്തിലെത്താൻ കാരണമെന്നും റഷ്യൻ പ്രസിഡന്റ് പ്രശംസിച്ചു.
60 വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ ഒരേ സർക്കാർ തുടർച്ചയായി മൂന്നാമതും അധികാരത്തിൽ വരുന്നത്. ഭാരതത്തിന് വേണ്ടി കേന്ദ്രസർക്കാർ സ്വീകരിച്ച നയങ്ങളിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചതിന്റെ ഫലമാണ് വിജയമെന്ന് മോദി മറുപടി നൽകി. റഷ്യൻ പ്രസിഡന്റ് നൽകിയ വിരുന്നിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ഇരുനേതാക്കളും ചൊവ്വാഴ്ച വിശദമായ ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതാണ്.
പുടിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു മോദി റഷ്യയിലെത്തിയത്. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുകയെന്നതും ദ്വിദിന റഷ്യൻ സന്ദർശനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളിലൊന്നാണ്. മോസ്കോ എയർപോർട്ടിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവാണ് നേരിട്ടെത്തി സ്വീകരിച്ചത്. മോദിക്ക് ഗാർഡ് ഓഫ് ഓണർ നൽകി റഷ്യൻ സൈന്യം ആദരിക്കുകയും ചെയ്തിരുന്നു.